ബോട്ടുകളുടെ രേഖകൾ അനുവദിച്ചു; കടലിൽ ഹൈഡ്രോഗ്രാഫിക് സർവേ തുടങ്ങി

മാധ്യമം' വാർത്തയെ തുടർന്ന് ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി രേഖകൾ സമ്പാദിച്ചാണ് സർവേ തുടങ്ങിയത്. ബേപ്പൂർ: ഇൻഷൂറൻസും ലൈസൻസുമുള്ള ബോട്ടുകളുമായി തുറമുഖ വകുപ്പിന് കീഴിലുള്ള ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം കടലിൽ സർവ്വേ ആരംഭിച്ചു. ജനുവരി എട്ടിന് സർവേ തുടങ്ങാനുള്ള ശ്രമം ബോട്ടുകൾക്ക് ആവശ്യമായ രേഖകളില്ലാത്തതിനാൽ മുടങ്ങിയിരുന്നു. ഇതു സംബന്ധിച്ച് 'മാധ്യമം' വാർത്തയെ തുടർന്ന് ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി രേഖകൾ സമ്പാദിച്ചാണ് ഇപ്പോൾ സർവേ തുടങ്ങിയത്. എം വി. സർവേയർ എന്ന ബോട്ടാണ് കടലിൽ സർവേക്ക് പുറപ്പെട്ടത്. പുതിയാപ്പ കടൽ ഭാഗത്താണ് പര്യവേക്ഷണം നടത്തുന്നത്. കടലി​െൻറ ആഴം പരിശോധിക്കുകയും മണൽ തിട്ടകളും പാറ മടക്കുകളും അടയാളപ്പെടുത്തി തുറമുഖ വകുപ്പിന് റിപ്പോർട്ട് തയാറാക്കി കൈമാറുകയും ചെയ്യുന്ന ജോലിയാണ് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം നടത്തുന്നത്. ഈ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് കപ്പൽ, ഉരു തുടങ്ങിയ യാനങ്ങൾക്ക് തുറമുഖത്തേക്ക് അടുക്കാനുള്ള ദിശ നിർണയിക്കുന്നത്. പിന്നീട് തുടർ നടപടിയായാണ് മണ്ണുമാന്തിക്കപ്പൽ ഉപയോഗിച്ച് ഡ്രഡ്ജിങ് നടത്തുന്നത്. പൊന്നാനി മുതൽ മാഹി വരെയാണ് ബേപ്പൂർ മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗത്തി​െൻറ സർവേ ഏരിയ നിർണയിച്ചിരിക്കുന്നത്. മുമ്പ് പൊന്നാനി തൊട്ട് കാസർകോടുവരെ സർവേ നടത്താനായിരുന്നു നിർദേശം. എന്നാൽ, 2017 ഡിസംബറിൽ കണ്ണൂർ അഴീക്കലിൽ പുതുതായി ഒരു സർവേ വിഭാഗം കൂടി ആരംഭിച്ചതോടെ ബേപ്പൂരി​െൻറ പരിധി മാഹി വരെയാക്കി നിർണയിച്ചു. എം.വി. സർവേയർ ബോട്ടി​െൻറ കൂടെ ചാലിയാർ എന്ന് പേരുള്ള ഫൈബർ തോണിയും അനുഗമിക്കുന്നുണ്ട്. അസിസ്റ്റൻറ് മറൈൻ സർവേയർ പി.കെ. പ്രബിതയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫീൽഡ് അസിസ്റ്റൻറ് പി. സുമിത ചീഫ് സർവേ സ്രാങ്ക് രാജേന്ദ്രൻ, ഫ്റെഡി ബോയ്, എൻജിൻ ഡ്രൈവർമാരായ മുഹമ്മദ് കബീർ, സർദാർ, ടൈഡ് വാച്ചർ അലോഷ്യസ് എന്നിവരടക്കം അഞ്ച് സീമാൻമാരും ഒരു കുക്കും ഉൾപ്പെടെയുള്ള 13 പേരാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.