ജില്ല കോടതി പുതിയ കെട്ടിടസമുച്ചയം അവസാന ഘട്ടത്തിൽ

കോഴിക്കോട്: ജില്ല കോടതി വളപ്പിലെ പുതിയ കെട്ടിടം മാർച്ചിൽ തന്നെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. കോഴിക്കോട് കോടതി തുടങ്ങി 200 കൊല്ലം പൂർത്തിയായതി​െൻറ ആഘോഷ സ്മാരകമായി ഏഴു കൊല്ലം മുമ്പ് തറക്കല്ലിട്ട ആറുനില കെട്ടിടമാണ് അവസാനമിനുക്ക് പണിയിലെത്തി ഉദ്ഘാടനത്തിന് തയാറായത്. അടുത്ത ദിവസം ബന്ധപ്പെട്ട ജുഡീഷ്യൽ ഒാഫിസർമാരും ജനപ്രതിനിധികളും ഉയർന്ന ഉദ്യോഗസ്ഥരും കെട്ടിടം പരിശോധിച്ചശേഷം മുഖ്യമന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ച് ഉദ്ഘാടനത്തീയതി നിശ്ചയിക്കാനാണ് തീരുമാനം. കോടതി വളപ്പിൽ മറ്റൊരു കെട്ടിടംകൂടി പണിയാൻ 20 കോടി പുതിയ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. പണം കിട്ടാൻ താമസിച്ചതിനെ തുടർന്ന് കരാറുകാർ ഉപേക്ഷിച്ചു പോയ കെട്ടിടംപണി ഏറ്റെടുക്കാൻ ആരും എത്താത്തതാണ് ദ്വൈശതാബ്ദി കെട്ടിടം പണി നീണ്ടുപോകാനിടയാക്കിയത്. 13.7കോടി രൂപ ചെലവിലുള്ള കെട്ടിടംപണി മുക്കാൽഭാഗവും തീർന്നപ്പോൾ കരാറുകാരൻ പണി നിർത്തുകയായിരുന്നു. ഇതേത്തുടർന്ന് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നിർമാണക്കരാർ നൽകുകയായിരുന്നു. കെട്ടിടത്തിൽ ഇരുമ്പു കൊണ്ടുള്ള സ്റ്റാൻഡുകൾ പണിത് സൺഷേഡുകൾ സ്ഥാപിക്കുന്ന പണിയാണ് നടക്കുന്നത്. നാലുകോടി രൂപ ഉപയോഗിച്ചാണ് ഇപ്പോൾ മിനുക്കുപണികൾ പുരോഗമിക്കുന്നത്. 2011ൽ രണ്ടുകൊല്ലംകൊണ്ട് പൂർത്തിയാകുമെന്ന് പറഞ്ഞ് അന്നത്തെ നിയമമന്ത്രി എം. വിജയകുമാർ തറക്കല്ലിട്ട കെട്ടിടംപണി വർഷങ്ങളായി മുടങ്ങിക്കിടന്നത് വിമർശനത്തിനിടയാക്കിയിരുന്നു. നിർമാണം തുടങ്ങാൻ നിലവിൽ ജില്ലകോടതി വളപ്പിലുള്ള പഴയ കെട്ടിടം പൊളിക്കുമ്പോൾ മാറ്റിയവയടക്കം നഗരത്തിലെ പല കോടതികളും ലക്ഷങ്ങൾ വാടക കൊടുത്ത് വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്നത് സർക്കാറിന് ഏറെ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കുതിരകളെ തളയ്ക്കാൻ ഉപയോഗിച്ചിരുന്ന കെട്ടിടം നിന്ന സ്ഥലത്താണ് പുതിയ സമുച്ചയം ഉയർന്നത്. ഇവിടത്തെ കോടതികൾ താൽക്കാലികമായി എരഞ്ഞിപ്പാലത്തെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഇപ്പോൾ നഗരത്തിൽ പലയിടത്തുമുള്ള കോടതികളെല്ലാം ഒന്നിച്ച് പ്രവർത്തിക്കാനാവും. പുതിയ കെട്ടിടത്തിലെ തറനില പാർക്കിങ് സൗകര്യത്തോടുകൂടിയുള്ളതാണ്. ജില്ല കോടതി വളപ്പിലെ ഗതാഗതക്കുരുക്കിന് ഇത് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.