കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല മലയിൽ ഈ മാസം 14ന് ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 14 പേരുടെയും ആശ്രിതർക്ക് സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നുള്ള ധനസഹായം നാലുലക്ഷം രൂപ വീതം 14 ആളുകൾക്ക് 56 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവർക്ക് 4300 രൂപ വീതം 38,700 രൂപ അതാത് വ്യക്തികൾക്ക് ഡി.ബി.ടി വഴി നൽകുന്നതിനുള്ള നടപടി താമരശ്ശേരി തഹസിൽദാർ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് തുടർ ചികിത്സക്കുള്ള ധനസഹായത്തിന് അപേക്ഷ കിട്ടുന്നപ്രകാരം നടപടി സ്വീകരിക്കും. പൂർണമായി വീട് നഷ്ടപ്പെട്ടവർക്ക് നാലുലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യ ഗഡുവായ 101,900 രൂപ (ഹിൽ എരിയ) എസ്.ഡി.ആർ.എഫിൽനിന്ന് ലഭ്യമായതും ഇത് അതാത് വ്യക്തികൾക്ക് തദ്ദേശ സ്ഥാപനം മുഖേന സാങ്കേതിക വിദഗ്ധരുടെ സാക്ഷ്യപത്രം ലഭിക്കുന്ന മുറക്ക് അനുവദിക്കും. രണ്ടാംഗഡു വീട് നിർമാണം 25 ശതമാനം പൂർത്തീകരിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും. ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്ക് എസ്.ഡി.ആർ.എഫിൽനിന്ന് 5200 രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.