കോഴിക്കോട‌്: തൊഴിലാളികളുടെ വർഗബോധം ഇല്ലാതാക്കാനാണ‌് തൊഴിൽ സ്വഭാവത്തിൽ ബഹുരാഷ‌്ട്ര കമ്പനികൾ മാറ്റംവരുത്തുന്നതെന്ന‌് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും നിയുക്ത രാജ്യസഭ അംഗവുമായ എളമരം കരീം. അടിയന്തരാവസ്ഥയുടെ 43ാം വാർഷികത്തിെൻറ ഭാഗമായി കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'ഫാഷിസ‌്റ്റ‌് ഭീഷണിയുടെ വർത്തമാനം'വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന‌് തൊഴിലാളികൾ ജോലിചെയ്യുന്ന കമ്പനികളെപോലും വിഭജിച്ച‌് ചെറുകിട യൂനിറ്റുകളാക്കുന്നു. കാർ തുടങ്ങിയവയുടെ പാർട‌്സുകൾ പോലും വീടുകളിലിരുന്ന‌് ഒറ്റക്ക് ചെയ്യാൻ കഴിയുന്ന രൂപത്തിലാക്കുന്നു. ഇതു ചെയ്യുന്നവൻ തൊഴിലാളിയാണ‌്. എന്നാൽ, അവന‌് സംഘടിത രൂപമില്ല. ഇതുപോലെ ലോകത്താകെ എല്ലാ തൊഴിൽ മേഖലയിലും മാറ്റം വരുന്നു. ഇതിന‌് അനുകൂലമായി സർക്കാറുകൾ തൊഴിൽ നിയമങ്ങളും മാറ്റിയെഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം പൂർണമായും തകർക്കപ്പെടുന്ന സാഹചര്യമാണ‌് നിലവിലുള്ളത‌്. ഹിന്ദു രാഷ‌്ട്രം എന്ന ആശയം തന്നെ സ്വേച്ഛാധിപത്യപരവും ജനാധിപത്യ വിരുദ്ധമാണ‌്. തൊഴിൽ നിയമങ്ങൾ പൂർണമായും ഭേദഗതി ചെയ‌്ത‌് മുതലാളിക്ക് അനുകൂലമാക്കി മാറ്റി. സ്ഥിരം തൊഴിൽ ഇല്ലതായത‌് എറ്റവുമധികം ബാധിക്കുക പുതുതലമുറയെയാണെന്നും അദ്ദേഹം പറഞ്ഞു. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ.സി. പിള്ള സ്വാഗതവും ഡോ. യു. ഹേമന്ത‌്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.