തിരുവമ്പാടി: സംസ്ഥാനത്തെ 123 വില്ലേജുകളെ പരിസ്ഥിതി ലോലമായി കാണുന്ന കസ്തൂരി രംഗൻ റിപ്പോർട്ട് കേന്ദ്ര സർക്കാറിെൻറ പരിഗണനയിലിരിക്കെ വടക്കൻ ജില്ലകളെ അവഗണിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ റിപ്പോർട്ട് സമർപ്പിച്ചതായി ആക്ഷേപം. ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 31 വില്ലേജുകളെ ഒഴിവാക്കിയാണ് പുതിയ റിപ്പോർട്ട് നൽകിയത്. ഒരു എം.പിയും ഏതാനും ഉദ്യോഗസ്ഥരും ചേർന്നാണ്ഇത് തയാറാക്കിയത്. ഇടുക്കി 24, കോട്ടയം നാല്, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഓരോ വില്ലേജും ഉൾപ്പെടെ 31 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ (ഇ.എസ്.എ) നിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. ഈ വില്ലേജുകളിലെ വനഭൂമി ഉൾപ്പെടെ ഇ.എസ്.എയിൽനിന്ന് ഒഴിവാക്കാനാണ് സാഹചര്യമൊരുങ്ങുന്നതെന്നും ആരോപണമുയർന്നു. സംസ്ഥാനത്തെ 92 വില്ലേജുകളിലെ റിസർവ് വനം മാത്രം ഇ.എസ്.എയിൽ ഉൾപ്പെടുത്തണമെന്നും ബാക്കി പ്രദേശങ്ങൾ ഒഴിവാക്കണമെന്നുമാണ് സംസ്ഥാനതലത്തിൽ സർക്കാർ രൂപവത്കരിച്ച കമ്മിറ്റി നേരത്തേ റിപ്പോർട്ട് നൽകിയത്. ഒരു വില്ലേജിനെ ഭാഗികമായി എടുത്ത് ഇ.എസ്.എ പ്രഖ്യാപനം സാധ്യമല്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ നിലപാടത്രെ. വില്ലേജ് മുഴുവനായി മാത്രേമ ഇ.എസ്.എയിൽ പരിസ്ഥിതി മന്ത്രാലയം പരിഗണിക്കൂ. ഇക്കാര്യം കേന്ദ്ര സർക്കാർ ബന്ധപ്പെട്ട സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ 92 വില്ലേജുകളുടെ കാര്യത്തിൽ സംസ്ഥാനം തയാറാക്കി നൽകിയ റിപ്പോർട്ട് ജനവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. തമിഴ്നാട് സർക്കാർ വനപ്രദേശത്തെ മാത്രമായി ഉൾപ്പെടുത്തി പുതിയ വില്ലേജ് രൂപവത്കരിച്ച് മറ്റു മേഖലകളെ റവന്യൂ വില്ലേജുകളായി നിലനിർത്തിയാണ് റിപ്പോർട്ട് നൽകിയത്. ഈ മാതൃക കേരളത്തിന് സ്വീകരിക്കാമായിരുന്നുവെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. വില്ലേജുകളിലെ ജനപ്രതിനിധികളെയും കർഷക നേതാക്കളെയും സർക്കാർ രൂപവത്കരിച്ച കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണെന്നും സമിതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.