സ്കൂളിൽ ഔഷധത്തോട്ടമൊരുക്കി പൂർവവിദ്യാർഥികൾ

കൊടിയത്തൂർ: സമൂഹത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവർ രാവിലെ എട്ടിനുതന്നെ സ്കൂളിലെത്തിയിരുന്നു, തങ്ങളുടെ ഔദ്യോഗിക വേഷമഴിച്ചുവെച്ച് തനിനാടൻ കർഷകരുടെ വേഷത്തിൽ. പന്നിക്കോട് ഗവ. എൽ.പി സ്കൂളിന് ഔഷധ ഫലവൃക്ഷ തോട്ടമൊരുക്കുന്നതിനും ഒപ്പം വിദ്യാർഥികൾക്ക് കാർഷിക അറിവ് പകർന്ന് നൽകുന്നതിനുമായാണ് സ്കൂളില പൂർവവിദ്യാർഥികളായ ഇവർ സ്കൂളിലെത്തിയത്. സ്കൂളിനോട് ചേർന്ന സ്ഥലത്ത് തൂമ്പയും മൺവെട്ടിയുമെല്ലാം ഉപയോഗിച്ച് വൃത്തിയാക്കി ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും അവർ നട്ടുപിടിപ്പിച്ചു. പൂർവവിദ്യാർഥികൾക്ക് ഉപദേശ നിർദേശങ്ങളുമായി നാട്ടിലെ പഴയകാല കർഷകരും രംഗത്തുണ്ടായിരുന്നു. പുതിയ തലമുറക്ക് കാർഷിക അറിവുകൾ പകർന്നുനൽകാനായി അവർ മത്സരിച്ചു. സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. കൃഷിയിടത്തിലേക്ക് റമ്പൂട്ടാൻ, മാവ്, ചാമ്പ, പുളി, വാഴ, ആര്യവേപ്പ്, പേര തുടങ്ങിയ ഫലവൃക്ഷത്തൈകൾ നൽകിയത് പന്നിക്കോട് സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ മോയിനാണ്. ചടങ്ങിൽ പഴയകാല കർഷകരെയും ടെറസിന് മുകളിൽ കൃഷിചെയ്ത് മികച്ച വിളവ് നേടിയ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഹദിനെയും ആദരിച്ചു. പഴയകാല കാർഷികോപകരണങ്ങൾ ചടങ്ങിൽ ഹീറോസ് ക്ലബ് പ്രതിനിധികൾ സ്കൂളിന് കൈമാറി. പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് രമേശ് പണിക്കർ, സെക്രട്ടറി സി. ഫസൽ ബാബു, സി.കെ. വിജയൻ, മജീദ് പുളിക്കൽ, പ്രധാനാധ്യാപിക കെ.എ. ഷൈല, പി.ടി.എ പ്രസിഡൻറ് പി. സുനോജ്, എസ്.എം.സി ചെയർമാൻ ടി.കെ. ജാഫർ, മുഹമ്മദ് സൈഗോൻ, ഗോകുലവത്സൻ, യു.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.