കോഴിക്കോട്: ജസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിടണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജസ്നയെ കാണാതായി 93 ദിവസം പിന്നിട്ടിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. മേലുദ്യോഗസ്ഥരുടെ വീട്ടുപണിക്ക് കാണിക്കുന്ന ശുഷ്‌കാന്തി പോലും കേസ് അന്വേഷണത്തില്‍ പൊലീസിനില്ല. അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ സമര നിയമ പോരാട്ടവുമായി കെ.എസ്.യു മുന്നോട്ടുപോകും. കേസുമായി ബന്ധപ്പെട്ട് ജസ്നയുടെ സഹോദരനെ കക്ഷിചേര്‍ത്ത് കെ.എസ്.യു ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി സര്‍ക്കാറിനോടും സി.ബി.ഐയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അവസരത്തില്‍ സി.ബി.ഐ അന്വേഷണത്തിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. നീറ്റ് പ്രവേശനത്തില്‍ കഴിഞ്ഞവര്‍ഷം സ്വീകരിച്ച സര്‍ക്കാര്‍ നടപടി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞവര്‍ഷം മെറിറ്റ് സ്‌കോളര്‍ഷിപ് നല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം എത്ര വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിച്ചെന്ന് വെളിപ്പെടുത്തണം. മലബാറിലെ പൊതുവിദ്യാലയങ്ങളില്‍ ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണം. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ തുടരുന്ന നിഷേധാത്മക നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി.ടി. നിഹാലും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.