കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ ആറുനില കെട്ടിടത്തിനു പുറമെ രണ്ടാംഘട്ട വികസനത്തിനായി പുതിയ മാസ്റ്റർ പ്ലാൻ തയാറായി. എം.എൽ.എയുടെ നിർദേശ പ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. 60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് വടക്കുഭാഗത്തുള്ള വാർഡുകളടക്കമുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുമാറ്റും. മാസ്റ്റർപ്ലാൻ അനുസരിച്ച് 1,94,000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് പുതിയ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ കെട്ടിടത്തിനും ട്രോമാകെയർ സൗകര്യം ഒരുക്കാനുമായി ഇപ്പോൾ ഭരണാനുമതിയായ 4.15 കോടി രൂപ മാസ്റ്റർ പ്ലാൻ അനുസരിച്ച് വിനിയോഗിക്കാനാകും. ഇതു കൂടാതെ 4.50 കോടി രൂപ ട്രോമാകെയർ ഉപകരണങ്ങൾ വാങ്ങാൻ കേരള മെഡിക്കൽ കോർപറേഷന് കൈമാറിക്കൊണ്ടുള്ള ഭരണാനുമതിയുമായിട്ടുണ്ട്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ ആറുനില കെട്ടിടത്തിലെ ഓപറേഷൻ തിയറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനായി എൻ.എച്ച്.എം മുഖേന രണ്ടുകോടി അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ നടക്കുന്നു. പഴയ കെട്ടിടത്തിലെ ഓപറേഷൻ തിയറ്റർ അടക്കമുള്ളവ പുതിയ ബ്ലോക്കിലേക്ക് മാറ്റിയാലേ വാർഡ് അടക്കമുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനാകൂ. ആശുപത്രി വികസന യോഗത്തിൽ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. പ്ലാൻ പരിശോധിച്ച് മാറ്റം വേണ്ടതുണ്ടെങ്കിൽ വരുത്തി സർക്കാറിന് സമർപ്പിക്കും. ഭരണാനുമതിയായ തുകക്കുള്ള പ്രവൃത്തികൾ തുടർന്ന് ആരംഭിക്കും. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപക്കുള്ള പ്രവൃത്തിക്ക് ഉടൻ കരാറിലേർപ്പെട്ട് പ്രവൃത്തി ആരംഭിക്കും. നിലവിലെ പുതിയ ബ്ലോക്കിലെ ഫയർ ആൻഡ് സേഫ്റ്റി സംവിധാനത്തിെൻറ പണി നടന്നുവരുന്നുണ്ട്. അതു കഴിയുന്ന മുറക്ക് ജനങ്ങൾക്ക് തുറന്നുകൊടുക്കും. യോഗത്തിൽ നഗരസഭ ചെയർമാൻ കെ. സത്യൻ സ്വാഗതം പറഞ്ഞു. കെ. ദാസൻ എം.എൽ.എ കാര്യങ്ങൾ വിശദീകരിച്ചു. അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. സരില, ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, തഹസിൽദാർ പ്രേമൻ, വി. സുന്ദരൻ, ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.