വിക്ടോറിയൻ ഭൗമസർവേയുടെ അടയാളങ്ങൾ കണ്ടെത്തി

* നീലഗിരി ജില്ലയിലെ ചേരങ്കോട് മലയിലാണ് അടയാളങ്ങൾ കണ്ടെത്തിയത് കൽപറ്റ: വിക്ടോറിയൻ കാലഘട്ടത്തിലെ പ്രസിദ്ധമായ ട്രിഗ്ണോമെട്രിക് ഭൗമ സർവേയുടെ അടയാളങ്ങൾ തമിഴ്നാട്ടിലെ നീലഗിരി ജില്ലയുടെ ഭാഗമായ ചേരങ്കോട് മലയിൽ കണ്ടെത്തി. ചരിത്രത്തിലെ എക്കാലത്തെയും വലിയ ഭൗമ സർവേയായി പരിഗണിക്കുന്ന ട്രിഗ്ണോ മെട്രികിന് ഏറെ ചരിത്രപ്രാധാന്യമുണ്ട്. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനും സർവേയറുമായ വില്യം ലാംബ് ടണാണ് സർവേക്ക് നേതൃത്വം നൽകിയത്. ഭൂമിശാസ്ത്ര ഗവേഷകരും അധ്യാപകരുമായ എം. നിശാന്ത് മോഹനും എ.വി. രജീഷുമാണ് സർവേ അടയാളങ്ങൾ കണ്ടെത്തിയത്. മൈസൂർ യുദ്ധത്തിൽ ടിപ്പുവിനെ പരാജയപ്പെടുത്തിയ കേണൽ ആർതർ വെല്ലസ്ലിയുടെ സൈന്യത്തിലെ െലഫ്റ്റനൻറായിരുന്നു ലാംബ്ടൺ. അദ്ദേഹത്തി​െൻറ നേതൃത്വത്തിൽ 1802ൽ മദ്രാസിലാണ് സർവേക്ക് തുടക്കം കുറിക്കുന്നത്. 1874ൽ പൂർത്തിയായ സർവേയിലൂടെയാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം നിർണയിക്കപ്പെടുന്നത്. കൂടാതെ, ഇന്ത്യയുടെ അക്ഷാംശ രേഖാംശങ്ങൾ, ഭൂമിയുടെ ആകൃതി, ഘടന മുതലായവയെ സംബന്ധിച്ച് അതുവരെയുണ്ടായിരുന്ന ധാരണകൾ സർവേ തിരുത്തി. പ്രസ്തുത സർവേയുടെ അടയാളങ്ങളിൽ തമിഴ്നാട്ടിലെ ബോഡി നല്ലൂരിലേതൊഴികെ മറ്റൊന്നും ഇപ്പോൾ അവശേഷിക്കുന്നില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, സമുദ്രനിരപ്പിൽനിന്നു 1,120 മീറ്ററിലധികം ഉയരത്തിൽ ചേരങ്കോട് മലയിലാണ് ഇപ്പോൾ സർവേയുടെ അടയാളങ്ങൾ കണ്ടെത്തിയത്. മലമുകളിലെ നിരപ്പായ ഒരു പാറയിൽ 75 സെ.മീ. വ്യാസത്തിലും രണ്ടു സെ.മീ. ആഴത്തിലുമുള്ള അടയാളം കാണാം. ഇതി​െൻറ മധ്യത്തിൽ ഒരു കുഴിയുമുണ്ട്. സർവേക്കായി ലാംബ്ടണും സംഘവും ഉപയോഗിച്ചിരുന്ന അര ടൺ ഭാരവും ഒന്നരയാൾ പൊക്കവുമുള്ള തിയോഡ ലൈറ്റ് എന്ന ഉപകരണം സ്ഥാപിക്കുന്നതിനായി സജ്ജമാക്കിയ സ്ഥാനമാണിത്. 2021ൽ ലാംബ് ടണി​െൻറ 200ാം ചരമവാർഷികം ആചരിക്കാനിരിക്കെ ഈ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമി ശാസ്ത്ര അധ്യാപകനാണ് നിശാന്ത് മോഹൻ. സുൽത്താൻ ബത്തേരി സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും പാഠപുസ്തക രചന സമിതി അംഗവുമാണ് എ.വി. രജീഷ്. ചരിത്ര പ്രാധാന്യമുള്ള ഈ പ്രദേശം സംക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. FRIWDL16, FRIWDL17 നീലഗിരി ജില്ലയുടെ ഭാഗമായ ചേരങ്കോട് മലയിൽ കണ്ടെത്തിയ വിക്ടോറിയൻ ഭൗമ സർവേയുടെ അടയാളങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.