കോഴിക്കോട്: ലോകകപ്പ് ഫുട്ബാൾ തോൽവിയിൽ മനംനൊന്ത് നഗരത്തിലെ അർജൻറീന ആരാധകർ. അർജൻറീന ആരാധകരുടെ കണ്ണീരിനും 'ബ്രസീലു'കാരുടെ ആഹ്ലാദത്തിമർപ്പിനും നഗരം സാക്ഷിയായി. നഗരത്തിൽ ഏറ്റവുമധികം ഫ്ലക്സ് ബോർഡുകൾ ഉയർന്നത് അർജൻറീനക്കും ബ്രസീലിനും വേണ്ടിയായിരുന്നു. വ്യാഴാഴ്ച അർധരാത്രി നടന്ന മത്സരത്തിൽ മെസ്സിയും കൂട്ടുകാരും ക്രൊയേഷ്യയോട് മൂന്ന് ഗോളിന് തോറ്റതോടെ കളിക്കമ്പക്കാരുടെ ഹൃദയം പൊട്ടി. വലിയ സ്ക്രീനിന് മുന്നിലും കടവരാന്തകളിലും ഉറക്കമിളച്ച് കളി കണ്ടിരുന്ന ആരാധകർ രാത്രിതന്നെ തെരുവിൽ ദുഃഖം പങ്കിട്ടു. പാരമ്പര്യ എതിരാളികളായ ബ്രസീൽ ആരാധകരുടെ കളിയാക്കലും പടക്കം പൊട്ടിക്കലും പ്രകടനവും വന്നതോടെ നീലയും വെള്ളയും കുപ്പായമിട്ടവരും കൊടി വീശിയവരും ഉൾവലിഞ്ഞു. മെസ്സിയുടെയും ടീമിെൻറയും വീരഗാഥകൾ വാഴ്ത്തുന്ന ഫ്ലക്സ് ബോർഡുകൾ നഗരത്തിൽ പല ഭാഗത്തും രാത്രിതന്നെ എടുത്തുമാറ്റി. എങ്കിലും കനത്ത തോൽവിയിലും പ്രിയ ടീം അത്ഭുതം കാട്ടി തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് അർജൻറീനയുടെ ആരാധകർക്കിപ്പോഴും. അർജൻറീനയുടെ വീഴ്ചയുടെ പാശ്ചാത്തലത്തിൽ വെള്ളിയാഴ്ച വൈകീട്ടുള്ള ബ്രസീൽ-കോസ്റ്ററീക കളിയുടെ ആകാംക്ഷയിലായിരുന്നു നാട്. അവസാന നിമിഷത്തിൽ ബ്രസീൽ രണ്ട് ഗോളടിച്ച് നേടിയ മിന്നും വിജയത്തിൽ നഗരം ആവേശംകൊണ്ടു. ഹൃദയത്തിലേറ്റുന്ന മഞ്ഞപ്പടയുടെ കാൽപ്പന്തുകളിയുടെ മാസ്മരികത കാണാൻ നൂറുകണക്കിനാളുകളാണ് നൈനാം വളപ്പിലെയും പുതിയ പാലത്തെയും വലിയ സ്ക്രീനിന് മുന്നിലടക്കം തടിച്ചുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.