കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ക്യാമ്പുകളില്‍നിന്ന് ബുധനാഴ്ച വാടകവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. ദുരിതബാധിതര്‍ക്കായി ഗവ. എൽ.പി സ്‌കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്‌കൂൾ, കട്ടിപ്പാറ നുസ്രത്ത് സ്‌കൂള്‍ എന്നിവിടങ്ങളിലായി മൂന്ന് ക്യാമ്പുകളാണുണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ചിലര്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. കരിഞ്ചോല അപകടത്തില്‍ തകര്‍ന്ന റോഡ് ചളിയും കല്ലും നീക്കി ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഉരുള്‍പൊട്ടലുണ്ടായ വിവിധ പ്രദേശങ്ങളില്‍ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ ബുധനാഴ്ച പരിശോധന നടത്തി. ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമല, കേളന്‍മൂല, പൂവന്‍മല എന്നിവിടങ്ങളാണ് സംഘം സന്ദർശിച്ചത്. ഉരുള്‍പൊട്ടലില്‍ ഇളകിവന്നതും ഇനിയും ഇളകാന്‍ സാധ്യതയുള്ളതുമായ മുഴുവന്‍ പാറകളും പൊട്ടിച്ച് നീക്കണമെന്നാണ് ഉദ്യോഗസ്ഥർ നിർദേശിച്ചതെന്ന് തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് അറിയിച്ചു. വീടുകളില്‍നിന്ന് ചളി നീക്കൽ, തകർന്ന വീടുകളിലെ ഉപകരണങ്ങള്‍ വീണ്ടെടുക്കൽ എന്നിവ ഫയര്‍ഫോഴ്സിെൻറ സഹായത്തോടെ ബുധനാഴ്ച ആരംഭിക്കും. തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട്, ജിയോളജിസ്റ്റ് പി. മോഹനൻ, പഞ്ചായത്തംഗങ്ങളായ പി.സി. തോമസ്, മദാരി ജുബൈരിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജുബീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.