കരിഞ്ചോല ദുരന്തം: തുടര്‍പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കും

സർവകക്ഷി യോഗത്തിലാണ് തീരുമാനം താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ടുള്ള കൃത്യമായ നഷ്ടം കണക്കാക്കുന്നതിന് റവന്യൂ-കൃഷി വകുപ്പുകളുടെ സംയുക്ത യോഗം ഈമാസം 23ന് താമരശ്ശേരി താലൂക്ക് തഹസില്‍ദാറുടെ ഓഫിസില്‍ ചേരാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. കാരാട്ട് റസാഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഹാളിലാണ് യോഗം ചേര്‍ന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളില്‍നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളും 23നുള്ള യോഗത്തില്‍ പങ്കെടുക്കും. അതുവരെ ലഭ്യമായ നഷ്ടങ്ങളുടെ കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിക്കും. കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ നടത്തേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. ദുരന്തബാധിതരെ സഹായിക്കാനായി വ്യാജ പിരിവ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിർദേശം നല്‍കി. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ബദല്‍ സംവിധാനമൊരുക്കാന്‍ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്നും അല്ലാതെയും അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന പാറകള്‍, പ്രദേശങ്ങള്‍, വീടുകള്‍ എന്നിവയെ കുറിച്ച് താമരശ്ശേരി തഹസില്‍ദാറെ അറിയിക്കണം. കരിഞ്ചോലമല കൂടാതെ കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍, കട്ടിപ്പാറ കാല്‍വരി എന്നിവിടങ്ങളിലും ഇതേ ദിവസം ഉരുൾപൊട്ടലുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ ചളി വന്നു നിറയുകയും ഭാഗികമായി തകരുകയും ചെയ്ത വീടുകളില്‍ ഇവ നീക്കുന്ന പ്രവൃത്തികള്‍ ചൊവ്വാഴ്ച തുടങ്ങും. ദുരിതബാധിത പ്രദേശങ്ങളിലെ വീടുകള്‍ വാസയോഗ്യമാണോയെന്ന് ചൊവ്വാഴ്ച ജിയോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തും. കാലവർഷക്കെടുതിയില്‍ പഞ്ചായത്തില്‍ 37 വീടുകളാണ് തകര്‍ന്നതെന്നാണ് പ്രാഥമിക കണക്കെന്ന് യോഗത്തില്‍ സംസാരിച്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് പറഞ്ഞു. ഏഴെണ്ണം പൂര്‍ണമായും തകര്‍ന്നു. ഇതില്‍ മാത്രം 1.88 കോടിയുടെ നഷ്ടമാണുണ്ടായത്. മൂന്നു കിലോമീറ്റര്‍ റോഡ് ഒലിച്ചുപോയതിലൂടെ 97 ലക്ഷത്തി​െൻറയും 56 ഏക്കറിലെ കൃഷി നശിച്ചതിലൂടെ 75 ലക്ഷത്തി​െൻറയും രണ്ടു ട്രാന്‍സ്‌ഫോര്‍മറുകളടക്കം തകര്‍ന്നതിലൂടെ കെ.എസ്.ഇ.ബിക്ക് ഏഴു ലക്ഷത്തി​െൻറയും നഷ്ടമാണ് കണക്കാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിലും ക്യാമ്പുകളിലും പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും യോഗത്തില്‍ കാരാട്ട് റസാഖ് എം.എല്‍.എ നന്ദി പ്രകടിപ്പിച്ചു. പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എം.എല്‍.എ ചെയര്‍മാനും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബോബി രവീന്ദ്രന്‍ കണ്‍വീനറും താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ പഞ്ചായത്ത് പ്രസിഡൻറി​െൻറയും സെക്രട്ടറിയുടെയും പേരില്‍ കേരള ഗ്രാമിണ്‍ ബാങ്ക് കട്ടിപ്പാറ ശാഖയിലുള്ള 40721101012154 (ഐ.എഫ്.എസ്.സി: 0040721) എന്ന അക്കൗണ്ടിലേക്ക് മാത്രം നല്‍കണമെന്നും യോഗത്തില്‍ തീരുമാനമായി. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് യോഗത്തില്‍ വിശദീകരിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ നജീബ് കാന്തപുരം, വി.ഡി. ജോസഫ്, ഗിരീഷ്‌ജോണ്‍, താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവന്‍, ജില്ല ഫയര്‍ ഓഫിസര്‍ വി.കെ. റിത്വിജ്, വാര്‍ഡ് മെംബര്‍ ടി.പി. മുഹമ്മദ് ഷാഹിം, അന്‍വര്‍ സഖാഫി, കെ.ആര്‍. രാജന്‍, ഒ.കെ.എം. കുഞ്ഞി, ഷാന്‍ കട്ടിപ്പാറ, മഹല്ല് പ്രസിഡൻറ് സെയ്തൂട്ടിഹാജി, പ്രേംജി ജയിംസ്, ഹാരിസ് അമ്പായത്തോട്, റഹിം കട്ടിപ്പാറ, ഹമീദലി, ഇസ്മയില്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലിൽ ഇരയായവരുടെ ബന്ധുക്കളുടെയും പരിസരവാസികളുടെയും സന്നദ്ധ സംഘടന ലീഡര്‍മാരുടെയും യോഗം കാരാട്ട് റസാഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാവിലെ വെട്ടിഒഴിഞ്ഞതോട്ടം മദ്റസയില്‍ ചേര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.