ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പാത്തിപ്പാറയിൽ മൂന്നു കുടുംബങ്ങളെ മാറ്റി നടുവണ്ണൂർ: നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് കുടുംബങ്ങൾ തിങ്കളാഴ്ച ഉച്ചയോടെ വീടുകളിലേക്ക് മടങ്ങും. കോട്ടൂർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പാത്തിപ്പാറ മേഖലയിലെ മൂന്നു കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി താമസിപ്പിച്ചു. ചാക്കോ കുന്നംകുഴക്കൽ, വൽസൻ കൊച്ചുവീട്ടിൽ, ജോസ് കൊച്ചുപ്ലാക്കൽ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. രാമൻപുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് രണ്ടു പഞ്ചായത്തുകളിലുമായി 120ഒാളം വീടുകളിലായിരുന്നു വെള്ളം കയറിയത്. ഇവിടെ രണ്ട് ക്യാമ്പുകളാണ് പ്രവർത്തിച്ചത്. കോട്ടൂർ പഞ്ചായത്തിൽ വാകയാട് ജി.എം.എൽ.പി സ്കൂളിലും നടുവണ്ണൂർ പഞ്ചായത്തിൽ മന്ദങ്കാവ് എ.എൽ.പി സ്കൂളിലുമായിരുന്നു കുടുംബങ്ങളെ താമസിപ്പിച്ചത്. അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കത്തിെൻറ പരിഭ്രാന്തിയിൽനിന്ന് പ്രദേശവാസികൾ പതുക്കെ മോചിതരാവുകയാണ്. എന്നാലും, വീടുകൾ പഴയനിലയിലേക്ക് കൊണ്ടുവരാൻ ഇനിയും സമയമെടുക്കും. വെള്ളപ്പൊക്കത്തെ തുടർന്ന് പല വീടുകളും പൂർണമായും ഭാഗികമായും തകർന്നിട്ടുണ്ട്. വീട്ടുസാധനങ്ങൾ ഒലിച്ചുപോയി. വിലപിടിപ്പുള്ള പല സാധനങ്ങളും നശിച്ചു. പലർക്കും പ്രധാന രേഖകളും കാണാതായി. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതിനാൽ പലർക്കും സാധനങ്ങൾ മാറ്റാനുള്ള സമയം കിട്ടിയിരുന്നില്ല. കോട്ടൂരിൽ അറുപതോളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. കോട്ടൂർ പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലായി വാകയാട് മേഖലയിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് ജലനിരപ്പ് ഉയർന്നത്. പുലർച്ച മൂന്നുമണിയോടെ അത് ഒരാൾപൊക്കത്തിലായി. പിന്നീട് വീടിെൻറ ഭൂരിഭാഗവും വെള്ളം കയറി. പത്തുവർഷം മുമ്പായിരുന്നു ഇങ്ങനെ വെള്ളപ്പൊക്കമുണ്ടായത്. വ്യാപക കൃഷിനാശമാണ് ഇവിടെ ഉണ്ടായത്. ചെറിയ കുട്ടികളും പ്രായമായവരും ക്യാമ്പിലുണ്ട്. പുലർച്ച തന്നെ തഹസിൽദാറും വില്ലേജ് ഓഫിസറും പഞ്ചായത്ത് അധികൃതരും നാട്ടുകാരും സജീവമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ആരോഗ്യവകുപ്പ് അധികൃതരെത്തി പകർച്ചവ്യാധി പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. കോട്ടൂർ പഞ്ചായത്തിലെ വാകയാട് പ്രദേശത്ത് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണ്. മൂന്നു സ്ക്വാഡുകളായാണ് ആരോഗ്യപ്രവർത്തകരും ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കണക്കെടുപ്പ് നടത്തുന്നത്. വീടുകളിലെ കിണറുകളുടെ അവസ്ഥയും വീടിെൻറ നാശനഷ്ടവും കൃഷിനാശത്തിെൻറയുമെല്ലാം കണക്കെടുക്കുന്നുണ്ട്. പ്രദേശത്ത് ദുരിതാശ്വാസ സഹായ കമ്മിറ്റിക്കും രൂപംനൽകി. പതിനൊന്നാം വാർഡ് മെംബർ ചേലേരി മമ്മുക്കുട്ടി ചെയർമാനും പന്ത്രണ്ടാം വാർഡ് മെംബർ കെ.വി. സുരേഷ് കൺവീനറും പതിമൂന്നാം വാർഡ് മെംബർ സോമൻ ട്രഷററുമായാണ് ജനകീയ കമ്മിറ്റി പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ ആരോഗ്യപ്രവർത്തകരുടെ ബോധവത്കരണ പരിപാടിയും നടന്നു. നാട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പ് പുരുഷൻ കടലുണ്ടി എം.എൽ.എ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട, ഇസ്മയിൽ കുറുമ്പൊയിൽ, കെ.കെ. ഷൈമ, എൻ. ആലി, ടി.എം. സുനിൽ, സി. സുധീഷ് എന്നിവരും അനുഗമിച്ചു. കിണർ ഇടിഞ്ഞുതാഴ്ന്നു നടുവണ്ണൂർ: നടുവണ്ണൂർ അങ്ങാടിക്ക് സമീപം കല്ലേരിക്കണ്ടി മാധവൻനായരുടെ വീട്ടുമുറ്റത്തെ കിണർ കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്നു. കഴിഞ്ഞദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം. കോട്ടൂരിൽ വീട് തകർന്നു നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ കുന്നരംവെള്ളിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു. കാരലക്കണ്ടി അയമ്മദിെൻറ വീടാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.