page6 പ്രണബ്​ മുഖർജി പറഞ്ഞതും പറയാതിരുന്നതും

പ്രണബ് മുഖർജി പറഞ്ഞതും പറയാതിരുന്നതും മുൻ രാഷ്ട്രപതിമാർ ഏതെങ്കിലും പരിപാടിയിൽ പെങ്കടുക്കുന്നത് വലിയ വാർത്തയോ വിവാദമോ ആകാറില്ല. അവർ വിവാദ പരിപാടികൾ പൊതുവെ ഒഴിവാക്കും എന്നതുതന്നെ മുഖ്യകാരണം. തങ്ങൾ മുമ്പ് ഇരുന്ന പദവിയുടെ അന്തസ്സ് കളഞ്ഞുകുളിക്കരുതെന്ന മനസ്സാണ് ഇതിന് പിന്നിൽ. എന്നാൽ, പ്രണബ്കുമാർ മുഖർജി രാഷ്ട്രീയ സ്വയംസേവക് സംഘി​െൻറ നാഗ്പുർ ആസ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചപ്പോഴേ പൊതുസമൂഹത്തിൽ അത് ചർച്ചയായി. ആർ.എസ്.എസ് പ്രവർത്തകരുടെ മൂന്നുവർഷ ശിക്ഷണത്തി​െൻറ സമാപന ചടങ്ങിലാണ് പ്രണബ് സംബന്ധിച്ചത്. ത​െൻറ (മുൻ) പാർട്ടിയായ കോൺഗ്രസ് ബി.ജെ.പിക്കെതിരെ കൂട്ടായ്മ രൂപപ്പെടുത്തി തുടങ്ങിയ സമയത്തുതന്നെ അദ്ദേഹം ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസിന് ത​െൻറ സാന്നിധ്യം കൊണ്ട് മാന്യത നൽകാൻ മുതിർന്നത് വ്യാപകമായ അതൃപ്തിയാണ് കോൺഗ്രസിലുണ്ടാക്കിയത്. അപ്പോൾ അദ്ദേഹം പ്രതികരിച്ചത്, ത​െൻറ നാഗ്പുർ പ്രസംഗം കേട്ടശേഷം വിലയിരുത്താമെന്നായിരുന്നു. ഏതായാലും ആർ.എസ്.എസി​െൻറ യുവ സ്വയംസേവകുമാർക്ക് മുമ്പാകെ അദ്ദേഹം പറഞ്ഞത് സഹിഷ്ണുതയെപ്പറ്റിയും ബഹുസ്വരതയെപ്പറ്റിയുമാണ്. ഇന്ത്യയുടെ ദേശീയ അസ്തിത്വം രൂപപ്പെട്ടത് സാർവലൗകികതയിലും സഹവർത്തിത്വത്തിലും ഉൗന്നിയാണ്. ഇന്ത്യയുടെ ദേശീയത നാനാത്വത്തിലധിഷ്ഠിതമാണെന്ന പ്രണബ് മുഖർജിയുടെ പ്രഖ്യാപനം സംഘ്പരിവാറി​െൻറ ഏകസംസ്കാരവാദത്തിനുള്ള മറുപടി കൂടിയാണ്. ആർ.എസ്.എസിനെ സംബന്ധിച്ചിടത്തോളം പ്രണബി​െൻറ സന്ദർശനം വലിയൊരു നേട്ടമാണ്. ഒന്നാമതായി ആർ.എസ്.എസിന് ഒരു മുൻരാഷ്ട്രപതിതന്നെ സ്വീകാര്യത നൽകുന്നു. രണ്ടാമത്, കോൺഗ്രസി​െൻറ ഉന്നത നേതാവും ഒരു ഘട്ടത്തിൽ പ്രധാനമന്ത്രിസാധ്യതയുമായിരുന്ന വ്യക്തി ആ പാർട്ടിയിൽനിന്നുള്ള അനിഷ്ടം വകവെക്കാതെ ആർ.എസ്.എസിനെ പുൽകുന്നു -ഇക്കൊല്ലം ബി.ജെ.പിയുമായി കടുത്ത പോരാട്ടം നടത്താൻ കോൺഗ്രസ് ശ്രമിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് ബി.ജെ.പിയെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. മറുവശത്ത് പ്രണബ് മുഖർജി ഉണ്ടാക്കിയ നേട്ടമെന്താണ്? അദ്ദേഹത്തി​െൻറ മനസ്സിൽ ചില ഭാവിപരിപാടികളുണ്ടെന്ന ഉപശാലാ വർത്തമാനങ്ങളെ നമുക്കവഗണിക്കാം. ആർ.എസ്.എസി​െൻറ കേന്ദ്രത്തിൽ ചെന്ന് ബഹുസ്വരതയെക്കുറിച്ച് പറയാനും ആർ.എസ്.എസി​െൻറ പുതുനിരക്ക് ഇന്ത്യൻ ദേശീയതയുടെ നെഹ്റുവിയൻ ഭാഷ്യം കേൾപിക്കാനും ഗാന്ധിജിയെപ്പറ്റി ഒറ്റവാചകമെങ്കിലും പറഞ്ഞുകൊടുക്കാനും കഴിഞ്ഞു എന്ന് അദ്ദേഹത്തിന് തൃപ്തിയടയാം. വിയോജിപ്പുകൾ നിലനിൽക്കെതന്നെ തുറന്ന ചർച്ചക്കും സംവാദത്തിനും വാതിൽ തുറന്നിടണമെന്ന വാദം ജനാധിപത്യത്തി​െൻറ കാതൽതന്നെയാണ്. അഹിംസയെപ്പറ്റി ആർ.എസ്.എസുകാരോട് അദ്ദേഹം സംസാരിച്ചല്ലോ. അക്രമവും ക്രോധവും സംഘർഷവും വെടിഞ്ഞ് ശാന്തിയിലേക്കും സന്തോഷത്തിലേക്കും നാം മാറണമെന്നാണ് ഇൗ മാതൃഭൂമി നമ്മോടാവശ്യപ്പെടുന്നത് എന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യൻ ദേശീയത ഒരൊറ്റ ഭാഷയുമായോ ഒറ്റ മതവുമായോ ഒറ്റ ശത്രുവുമായോ മാത്രം ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടതല്ല എന്ന പ്രസ്താവന, ഗോൾവാൾക്കറുടെ സങ്കുചിത വീക്ഷണത്തെ തള്ളിപ്പറയുന്നു എന്നും വാദിക്കാം. പക്ഷേ, പ്രശ്നം അതാണ്. പ്രണബ് മുഖർജി വിയോജിക്കുന്നവരോട് സംസാരിക്കുേമ്പാഴും ആ വിയോജിപ്പുകൾ എടുത്തുപറയാൻ മടിക്കുന്നു. അദ്ദേഹം കുറെ സാമാന്യവത്കരണങ്ങളും പൊതുവായ ഉദ്ബോധനവും നടത്തുകയാണെന്നേ ആ പ്രസംഗം കേട്ടാൽ തോന്നൂ. കാരണം അദ്ദേഹം പറയുന്ന തത്വങ്ങൾ -സഹിഷ്ണുതയും ശാന്തിയുമടക്കം- സംഘ്പരിവാറും പറയുന്നതാണ്. വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടാത്തതാണ് ഇവിടെ മുഖ്യപ്രശ്നം. ആ പൊരുത്തക്കേടുകളെപ്പറ്റി പറയുേമ്പാൾ ഗാന്ധിവധത്തെ പരാമർശിക്കേണ്ടിവരും. ബാബരി പള്ളി ധ്വംസനത്തെപ്പറ്റി പറയേണ്ടിവരും. മുഹമ്മദ് അഖ്ലാഖ് മുതൽ അനേകം പേർ കൊല ചെയ്യപ്പെട്ടതിനെപ്പറ്റിയും അതിനെതിരെ ഭരണപക്ഷത്തുനിന്ന് കാര്യമായ നടപടി പോയിട്ട് വിമർശനം പോലുമോ ഉണ്ടാകാതിരുന്നതിനെപ്പറ്റിയും പറയേണ്ടിവരും. വിയോജിക്കുന്നവരോട് സംസാരിക്കുകയെന്നാൽ അവർ തന്നെയും നിഷേധിക്കാത്ത പൊതുമൂല്യങ്ങളുടെ ആവർത്തനമല്ലല്ലോ. ഇന്ത്യൻ ചരിത്രത്തെപ്പറ്റി പറഞ്ഞപ്പോൾപോലും ബ്രിട്ടീഷുകാരുടെയും തീവ്രഹിന്ദുപക്ഷത്തി​െൻറയും ഭാഷ്യമാണ് പ്രണബ് അവതരിപ്പിച്ചത്. ആർ.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഗ്ഡേവാറിനെ ഇന്ത്യയുടെ മഹാനായ പുത്രെനന്ന് വിളിച്ചതിലും പ്രണബ് തന്നെ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാനുസൃത ദേശീയത കാണാൻ പ്രയാസമാണ്. അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ, പ്രണബ് വിവരിക്കുന്ന ഇന്ത്യയല്ല. മുസ്ലിംകളെ ചീറ്റുന്ന നാഗങ്ങളായും 'ഡോഡോ പക്ഷിയെപ്പോലെ' വംശനാശം ചെയ്യപ്പെടേണ്ടവരായും വിശേഷിപ്പിച്ചവരെ മാതൃകാ പുരുഷന്മാരായി കാണാനാകുമോ? േഗാൾവാൾക്കറുടെ വിഷലിപ്ത ഗ്രന്ഥത്തിൽനിന്ന് ആർ.എസ്.എസ് പിൽക്കാലത്ത് അകൽച്ച പുലർത്തിയെങ്കിലും അദ്ദേഹം ത​െൻറ ഗുരുവായി കണ്ടത് ഹെഗ്ഡെവാറിനെയാണ്. സ്വന്തം ആദർശത്തോടുള്ള നിസ്വാർഥമായ സമർപ്പണം ഹെഗ്ഡെവാറി​െൻറ ഗുണമായിരുന്നു. എന്നാൽ, അദ്ദേഹത്തി​െൻറ ആദർശത്തിന് ഗാന്ധിജിയുടെയോ പ്രണബി​െൻറ തന്നെയോ ആദർശവുമായി പൊരുത്തം കുറവായിരുന്നു. ഇന്ന് ആർ.എസ്.എസ് തന്നെ സ്വന്തമാക്കിയ സർദാർ പേട്ടൽപോലും അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതാണ്. ദേശീയപതാകയോ ദേശീയഗാനമോ ഇല്ലാതിരുന്ന പരിപാടിയിൽ 'വന്ദേമാതരം' പറഞ്ഞ് മുൻരാഷ്ട്രപതി പ്രസംഗമവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തി​െൻറ ആശയങ്ങൾ ആർ.എസ്.എസിനെ ധരിപ്പിക്കുകയാണോ അതോ അവരുടെ ശീലങ്ങളോട് അദ്ദേഹം അൽപമായിെട്ടങ്കിലും സമരസപ്പെടുകയാണോ ഉണ്ടായതെന്ന സംശയം ബാക്കിയാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.