ഉള്ള്യേരി: കാല്‍പന്ത് കളിയുടെ കേളികൊട്ട് ഉയരുംമുമ്പേ കളിയാവേശക്കാരുടെ 'ഫ്യൂസ്' ഊരി കെ.എസ്.ഇ.ബി. ആനവാതില്‍ അങ്ങാടിയില്‍ വൈദ്യുതിലൈനിനു മുകളിലൂടെ അപകടകരമാംവിധം വലിച്ചുകെട്ടിയ വിവിധ ടീമുകളുടെ പതാകകളാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി അറുത്തുമാറ്റിയത്. അര്‍ജൻറീന, ബ്രസീൽ, സ്പെയിൻ അടക്കമുള്ള പ്രമുഖ ടീമുകളുടെ പതാകകള്‍ ആണ് ആരാധകര്‍ ഉയര്‍ത്തിയിരുന്നത്. സംസ്ഥാനപാതയില്‍ റോഡിന് കുറുകെ വലിച്ചുകെട്ടിയ അര്‍ജൻറീനയുടെ കൂറ്റന്‍ പതാക വെള്ളിയാഴ്ച പുലര്‍ച്ചെ കാറ്റില്‍ ലൈനില്‍ കുരുങ്ങി കത്തുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനപാതയില്‍ പലയിടങ്ങളിലും ലോകകപ്പുമായി ബന്ധപ്പെട്ട് ഈ രീതിയില്‍ വലിയ കൊടികള്‍ വലിച്ചുകെട്ടിയിട്ടുണ്ട്. ഹൈ ടെന്‍ഷന്‍ ലൈനിനു മുകളിലൂടെ മഴക്കാലത്ത് പ്ലാസ്റ്റിക് കയര്‍കൊണ്ട് ആയാലും ഈ രീതിയില്‍ കൊടികള്‍ വലിച്ചുകെട്ടുമ്പോള്‍ അപകടം പിണയാനുള്ള സാധ്യത ഏറെയാണെന്നും യുവാക്കള്‍ ശ്രദ്ധിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാര്‍ പറഞ്ഞു. അതേസമയം, ആവേശം ഒട്ടുംകുറയാതെ ബദല്‍ സംവിധാനം ഒരുക്കാനുള്ള ആലോചനയിലാണ് വിവിധ ടീമുകളുടെ ആരാധകര്‍. അങ്ങാടിയില്‍ ചുവരുകളില്‍ ഫുട്ബാള്‍ താരങ്ങളുടെ ചിത്രം വരച്ചും തൂണുകള്‍ അലങ്കരിച്ചും ലോകകപ്പ് ഉത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഫുട്ബാള്‍ മത്സരത്തിനുവേണ്ടി മാത്രം ഉണ്ടാക്കിയ വാട്സ് ആപ് ഗ്രൂപ്പുകളില്‍ പൊരിഞ്ഞ പോരാട്ടം ഇേപ്പാഴേ തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.