മാവൂരിൽ പുതിയ സംരംഭം; തീരുമാനം ഭൂമി സംബന്ധിച്ച കോടതിവിധിക്കുശേഷം ^മന്ത്രി

മാവൂരിൽ പുതിയ സംരംഭം; തീരുമാനം ഭൂമി സംബന്ധിച്ച കോടതിവിധിക്കുശേഷം -മന്ത്രി മാവൂർ: ഗ്രാസിം ഭൂമിയിൽ പുതിയ സംരംഭം തുടങ്ങുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഭൂമി വിഷയത്തിലുള്ള അന്തിമ കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. നിയമസഭയിൽ പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രത്യേക നിയമനിർമാണം നടത്തി കോംട്രസ്റ്റ് മാതൃകയിൽ മാവൂരിലെ ഭൂമി തിരിച്ചുപിടിക്കുന്നതിന് നടപടി ഇപ്പോൾ പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു. ഫാക്ടറി തുടങ്ങുന്നതിന് അപേക്ഷയുടെ അടിസ്ഥാനത്തിൽ 1894ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിവിധ ഘട്ടങ്ങളിലായി 240.39 ഏക്കർ ഭൂമിയാണ് ഏറ്റെടുത്ത് ഗ്രാസിമിന് നൽകിയത്. കൂടാതെ, പുറേമ്പാക്ക് ഭൂമിയിൽനിന്ന് ജില്ല കലക്ടർ 5.94 ഏക്കർ ഭൂമി ദാനമായി നൽകിയിട്ടുണ്ട്. കമ്പനി സ്വന്തമായി 80.19 ഏക്കർ ഭൂമി വിലക്ക് വാങ്ങിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. കമ്പനിയുടെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് 2017 ഒക്ടോബർ 10ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇൗ ഉത്തരവിനെതിരെ ബിർള മാനേജ്മ​െൻറ് സമർപ്പിച്ച റിട്ട് ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതിലുള്ള അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും പരിസ്ഥിതിസൗഹൃദ വ്യവസായ സംരംഭം തുടങ്ങുന്നതിൽ തീരുമാനമെടുക്കുക. കഴിഞ്ഞ ബജറ്റിൽ ജാപ്പനീസ് കൊറിയൻ വ്യവസായ ക്ലസ്റ്റർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നെന്നും ഇക്കാര്യത്തിലെടുത്ത നടപടി സംബന്ധിച്ച് വിവരം ശേഖരിച്ചുവരുകയാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.