മുളകുപൊടി വിതറി കവർച്ച: അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്

മുളകുപൊടി വിതറി കവർച്ച: അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് രാമനാട്ടുകര: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർക്കുനേരെ മുളകുപൊടി വിതറി ബാഗ് കവർന്ന ആറംഗ സംഘത്തെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. സമീപത്തെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലെയും പള്ളിയിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന റോഡിന് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച അര ഡസനോളം സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിക്കുമെന്ന് ഫറോക്ക് എസ്.ഐ എം.സി. ഹരിഷ് പറഞ്ഞു. രാമനാട്ടുകര പാറമ്മൽ റോഡിൽ പുലാപ്ര പടിക്കു സമീപം കുളപ്പുരയിൽ പ്രവർത്തിക്കുന്ന ഭാരത് ഫിനാൻസ് ഇൻക്ലൂഷൻ ലിമിറ്റഡിലെ കലക്ഷൻ ഏജൻറുമാരായ വിപിൻ കെ. വിൻസൺ, മുഹമ്മദ് റാഫി എന്നിവർക്കു നേരെയാണ് ബൈക്കിലെത്തിയ ആറംഗ സംഘം മുളകുപൊടി ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെ ഇവർ സഞ്ചരിച്ച ബൈക്കിനെ മറ്റൊരു ബൈക്കിൽ പിന്തുടർന്ന സംഘത്തിലെ രണ്ടുപേർ കൈകാണിച്ച് നിർത്തിക്കുകയും ഈ സമയം രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ജിവനക്കാർക്കുനേരെ മുളകുപൊടി വിതറുകയും കൈവശമുണ്ടായിരുന്ന ബാഗ് അപഹരിച്ച് ഞൊടിയിടയിൽ രക്ഷപ്പെടുകയായിരുന്നു. ബാഗിൽ ടാബ്, ബയോമെട്രിക് സിസ്റ്റം, രേഖകൾ എന്നിവയാണുണ്ടായിരുന്നത്. ആറുപേരും ഹെൽമറ്റ് ഉപയോഗിച്ച് മുഖംമറച്ച നിലയിലായിരുന്നു. ജീവനക്കാർ അറിയിച്ചതനുസരിച്ച് 25ൽ താഴെ പ്രായമുള്ളവരാണ് മോഷ്ടാക്കളെന്നാണ് സൂചന. പണം പലിശക്ക് കൊടുക്കുന്ന ഈ സ്ഥാപനത്തിലെ കലക്ഷൻതുക വൈകുന്നേരങ്ങളിൽ ബാങ്കുകളിൽ നിക്ഷേപിക്കാൻ പതിവായി കൊണ്ടുപോകാറുണ്ട്. ഇത് മനസ്സിലാക്കിയ സംഘമാണ് കവർച്ച ആസൂത്രണം ചെയ്തത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും സംഘം ഉടനെ വലയിലാകുമെന്നും കേസന്വേഷിക്കുന്ന ഫറോക്ക് എസ്.ഐ എം.സി. ഹരീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.