നിപ: വ്യാജപ്രചാരണം മൂലം ജനങ്ങൾ ആശങ്കയിൽ

കക്കോടി: കിരാലൂരിലും ബദിരൂരിലും ചേളന്നൂർ കുമാരസ്വാമിയിലും നിപബാധ സ്ഥിരീകരിച്ചെന്ന വ്യാജപ്രചാരണം ജനങ്ങളുടെ സമാധാനം കെടുത്തുന്നു. അവാസ്തവ പ്രചാരണംമൂലം ജനങ്ങൾ പരിഭ്രാന്തിയിലാണ്. വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്നവരും പ്രദേശത്തുകാരും ചിലരുടെ തെറ്റായ പ്രചാരണങ്ങളിൽ ഏറെ ദുരിതമനുഭവിക്കുകയാണ്. ഇൗ ഭാഗങ്ങളിലുള്ള ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇരുപഞ്ചായത്തുകളിലെയും ആരോഗ്യപ്രവർത്തകർ പറയുന്നു. മരിച്ച രോഗിയെ പ്രവേശിപ്പിച്ച വാർഡിൽ ചികിത്സ തേടിയ രോഗിയാണ് ബദിരൂരിൽ ഉള്ളതെന്നാണ് പ്രചാരണം. സമ്പർക്കത്തിലായവരുടെ പട്ടികയിലുണ്ടെന്ന പ്രചാരണവും നിലനിൽക്കുകയാണ്. ഇതുമൂലം പലരും പുറത്തിറങ്ങാൻ പോലും പേടിപ്പെടുകയാണ്. പ്രചാരണത്തി​െൻറ അടിസ്ഥാനത്തിൽ അന്വേഷിച്ചെങ്കിലും അത്തരമൊരാളെ കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞില്ല. ബദിരൂരിൽ പനിപിടിച്ച് ചികിത്സയിലുള്ള യുവാവിനെ കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ബന്ധപ്പെടുകയും നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം നിപ ബാധിച്ച് മരിച്ചയാളുടെ ബന്ധു പനിയെ തുടർന്ന് ചികിത്സയിലാണെന്നാണ് മറ്റൊരു വ്യാജ പ്രചാരണം. വ്യാജപ്രചാരണം നടത്തുന്നതി​െൻറ ഭവിഷ്യത്തുകളെക്കുറിച്ചറിയാതെയാണ് പലരും സന്ദേശങ്ങൾ കൈമാറുന്നത്. പേരാമ്പ്രയിലും പൂനത്തും പന്തിരിക്കരയിലും ബാലുശ്ശേരിയിലും ബന്ധുക്കളുള്ളവരുടെ വീടുകളെക്കുറിച്ചും ആശങ്ക പ്രചരിപ്പിക്കുകയാണ്. വ്യാജ പ്രചാരണത്തിനെതിരെ ഡി.വൈ.എഫ്.െഎ രംഗത്തെത്തി. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിരാലൂരിൽ വീടുകൾ കേന്ദ്രീകരിച്ച് സ്ക്വാഡ് പ്രവർത്തനങ്ങൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ടി.എ. ഷിജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.