പ്രീപ്രൈമറി പഠനം; രക്ഷിതാക്കളുടെ കീശ ചോർത്തുന്നതായി പരാതി

നാദാപുരം: സർക്കാർ, എയ്ഡഡ് പ്രൈമറി സ്‌കൂളുകളോടനുബന്ധിച്ച് നടത്തുന്ന പ്രീപ്രൈമറി വിദ്യാലയങ്ങളിൽ യൂനിഫോമി​െൻറയും പാഠപുസ്തകങ്ങളുടെയും പേരിൽ രക്ഷിതാക്കളെ പിഴിയുന്നതായി പരാതി. പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു നിയന്ത്രണവുമില്ലാതെ നടത്തുന്ന ഇത്തരം അനുബന്ധ സ്ഥാപനങ്ങളിൽ പഠിപ്പിക്കണമെങ്കിൽ രക്ഷിതാവി​െൻറ കീശ കാലിയാകുന്ന അവസ്ഥയാണ്. പൊതുവിദ്യാലയങ്ങളിൽ ചെലവില്ലാതെ കാര്യക്ഷമ വിദ്യാഭ്യാസം നൽകുന്നു എന്ന് സർക്കാർ വ്യാപക പ്രചാരണം നടത്തുന്നതിനിടയിലാണ് ഇത്തരം അനധികൃത പ്രീപ്രൈമറികൾ യഥേഷ്ടം നടത്തുന്നത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വെല്ലുന്ന രീതിയിലാണ് ഇത്തരം സ്ഥാപനങ്ങളിലെ പണപ്പിരിവ്. എന്ത് പഠിപ്പിക്കണമെന്ന് ഇത്തരം സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിർദേശമൊന്നും നൽകിയിട്ടില്ല. ഇതിന് പ്രത്യേക സിലബസുമില്ല. അതുകൊണ്ടുതന്നെ സ്വകാര്യ പുസ്തക കമ്പനികൾ അടിച്ചിറക്കുന്ന വിലയേറിയ പുസ്തകങ്ങളാണ് കുട്ടികൾ പഠിക്കേണ്ടത്. വർണ ചിത്രങ്ങളോടുകൂടിയ പുറം ചട്ടയും ബഹുവർണ കളറുകളിലുള്ള അച്ചടിയുമുള്ള പുസ്തകങ്ങൾക്ക് വൻ വിലയാണ് ഈടാക്കുന്നത്. യൂനിഫോമിന് വേറെയും പണം മുടക്കണം. ഒന്നാം ക്ലാസ് മുതൽ എട്ടുവരെ പാഠപുസ്തകങ്ങളും യൂനിഫോമും സർക്കാർ സൗജന്യമായി നൽകുന്നതിനിടയിലാണ് പ്രീപ്രൈമറിതലത്തിൽ ചെലവേറിയ പഠനാഭ്യാസം. നിർബന്ധപൂർവം പഠിപ്പിക്കേണ്ടതെന്ന ധാരണയിലാണ് മിക്ക രക്ഷിതാക്കളും പ്രൈമറി സ്‌കൂളുകളോടനുബന്ധിച്ച പ്രീപ്രൈമറികളെ ആശ്രയിക്കുന്നത്. ഒന്നാം ക്ലാസിൽ പ്രവേശനത്തിന് മറ്റു സ്‌കൂളുകളിലേക്ക് കുട്ടികൾ ചോരുന്നത് തടയിടുക എന്ന ലക്ഷ്യം വെച്ചാണ് മിക്ക പ്രൈമറികളോടും ചേർന്ന് പ്രീ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.