പേരാമ്പ്ര: നിർധനരും അനാഥരുമായ കുട്ടികൾക്ക് അഭയം നൽകി വിദ്യാഭ്യാസം നൽകുക മാത്രമല്ല, അവർക്ക് സ്വന്തമായി ഭവനമൊരുക്കുകയും ചെയ്യുകയാണ് പേരാമ്പ്ര ദാറുന്നുജൂം ഓർഫനേജ്. തങ്ങളുടെ അന്തേവാസികളായ വിദ്യാർഥികൾക്ക് ഭവന പദ്ധതിയുമായാണ് ഇവർ മുന്നോട്ടുവരുന്നത്. ഇവിടത്തെ വിദ്യാർഥിയായ റുഖിയ ഈ റമദാനെ വരവേറ്റത് ഏറെ സന്തോഷത്തോടെയാണ്. സ്വന്തമായൊരു വീടെന്ന അവളുടെ സ്വപ്നം പൂവണിയുകയാണ്. വയനാട് മട്ടിലയം സ്വദേശി റുഖിയക്ക് ഓർഫനേജ് കമ്മിറ്റിയുടെ പുനരധിവാസ പദ്ധതിയിലൂടെ വീട് സ്വന്തമായിരിക്കുകയാണ്. മഴയോ കാറ്റോ വന്നാൽ ഏത് നിമിഷവും നിലംപൊത്താവുന്ന കൂരയിലാണ് സംസാരശേഷിയില്ലാത്ത പിതാവും മാതാവും അസുഖങ്ങളാൽ പ്രയാസപ്പെടുന്ന വല്യുപ്പയും കൊച്ചനുജനും താമസിച്ചിരുന്നത്. ഇവരെക്കുറിച്ചുള്ള ആധിയുമായാണ് റുഖിയ ഒാർഫനേജിലെ ഓരോ ദിനരാത്രങ്ങളും കഴിച്ചുകൂട്ടിയിരുന്നത്. നാട്ടുകാരുടെയും കമ്മിറ്റി ഭാരവാഹികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് വീട് നിർമാണം പൂർത്തിയാക്കിയത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത 32 പേരാണ് ഓർഫനേജിലുള്ളത്. ഘട്ടം ഘട്ടമായി ഇവർക്കുകൂടി വീട് നിർമിച്ച് നൽകാനുള്ള ഒരുക്കത്തിലാണ് ഓർഫനേജ് കമ്മിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.