കോഴിക്കോട്: കഴിഞ്ഞ സാമ്പത്തികവർഷം ജില്ല പഞ്ചായത്ത് 92 ശതമാനം ഫണ്ട് വിനിയോഗം നടത്തിയതായി പ്രസിഡൻറ് ബാബു പറശ്ശേരി അറിയിച്ചു. ജില്ല പഞ്ചായത്ത് ഹാളിൽ ബ്ലോക്ക്തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുശതമാനം വിജയം കൈവരിച്ച സർക്കാർ വിദ്യാലയങ്ങളുടെ എണ്ണത്തിൽ ഇക്കൊല്ലമുണ്ടായ വർധനക്ക് കാരണം വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നൽകിയ ഉണർവും കരുത്തുമാണ്. നൂറുശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും അധ്യാപകരെയും അനുമോദിക്കുന്ന ചടങ്ങ് ജൂലൈ ആദ്യവാരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂൺ രണ്ടിന് സിവിൽ സ്റ്റേഷൻ പരിസരം പൂർണമായും ശുചീകരിക്കുന്ന പ്രവൃത്തി ആരംഭിക്കും. ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കും. കേടുപാടുകൾ സംഭവിച്ച സ്കൂൾ കെട്ടിടങ്ങൾ മുഴുവനായും പുതിയ മാസ്റ്റർപ്ലാൻ പ്രകാരമായിരിക്കും നിർമിക്കുകയെന്നും ഒമ്പതുമാസംകൊണ്ട് പൂർത്തീകരിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ നെൽകൃഷി നാശംസംഭവിച്ചവരിൽ ഇൻഷൂർ ചെയ്തവർക്ക് 35,000 രൂപയും മറ്റുള്ളവർക്ക് 13,000 രൂപയും നൽകുമെന്ന് യോഗത്തിൽ കൃഷിവകുപ്പ് ഡയറക്ടർ പി.എൻ. ജയശ്രീ അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടെങ്ങാട്ട്, സെക്രട്ടറി പി.ഡി.ഫിലിപ്പ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി.ജോർജ്, വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത മനക്കൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. സജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.