നടുവണ്ണൂർ: ചികിത്സയിലായിരുന്ന പൂനത്തെ റസിൻ കൂടി നിപ സ്ഥിരീകരിച്ച് മരിച്ചതോടെ കോട്ടൂർ പഞ്ചായത്തിൽ നിപ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. ബാലുശ്ശേരി ആശുപത്രിയിൽനിന്നാണ് റസിന് വൈറസ് ബാധയുണ്ടായത് എന്നാണ് നിഗമനം. നേരത്തെ, നിപ ബാധിച്ച് മരിച്ച കോട്ടൂർ സ്വദേശി ഇസ്മയിലിനെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ റസിൻ പനിബാധിച്ച് ഇവിടെ ചികിത്സ തേടിയിരുന്നു. ഇങ്ങനെയാണ് വൈറസ് ബാധയെന്നാണ് അധികൃതർ പറയുന്നത്. രോഗം സ്ഥിരീകരിച്ച ദിനംതന്നെയാണ് റസിൻ മരിച്ചത്. ഇതോടെ, ഇരുവരും ബാലുശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് ആശുപത്രി സന്ദർശിച്ചവരെയും രോഗികളെയും ആരോഗ്യവകുപ്പ് നിരീക്ഷണപട്ടികയിൽ ഉൾപ്പെടുത്തും. യുവമോർച്ചയുടെ കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറായ റസിൻ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം കൂടിയാണ്. മേയ് 20നായിരുന്നു നിപ ബാധിച്ച് കോട്ടൂർ പഞ്ചായത്തിലെ തിരുവോട് മയിപ്പിൽ ഇസ്മായിൽ (50) മരണപ്പെട്ടത്. പനി അധികമായതിനെ തുടർന്ന് ബാലുശ്ശേരി ഗവ. ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തെയും. മരണത്തിന് രണ്ടാഴ്ച മുമ്പ് പനിബാധിച്ച് പേരാമ്പ്ര കല്ലോട് ആശുപത്രിയിൽ നാലുദിവസം അഡ്മിറ്റായിരുന്നു ഇദ്ദേഹം. നിപ വൈറസ് ആശങ്കയിൽ കഴിയുമ്പോൾ അവിചാരിതമായ രണ്ടുമരണം കോട്ടൂരിന് ഞെട്ടലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.