തൊഴിലാളികളെ ബന്ദിയാക്കിയില്ലെന്ന്​ മാവോവാദികൾ

* വയനാട് പ്രസ് ക്ലബിൽ തപാലിൽ ലഭിച്ച പത്രക്കുറിപ്പിലാണ് വിശദീകരണം കൽപറ്റ: വയനാട്ടിൽ തങ്ങളുടെ പ്രവർത്തനം സജീവമാണെന്ന സൂചന നൽകി മാവോവാദികളുടെ പത്രക്കുറിപ്പ്. ജൂലൈ 20ന് മേപ്പാടിക്കടുത്ത തൊള്ളായിരം പ്രദേശത്തെ നിർമാണം നടക്കുന്ന റിസോർട്ടിൽ അതിക്രമിച്ചെത്തിയ മാവോവാദികൾ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ബന്ദികളാക്കിയെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് സി.പി.െഎ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കൽപറ്റയിലെ വയനാട് പ്രസ് ക്ലബിൽ തപാൽ മാർഗമാണ് ഇത് എത്തിച്ചത്. റിസോർട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളോട് മാന്യമായാണ് പെരുമാറിയതെന്നും പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിക്കുകയും സമരസജ്ജരാക്കുകയും ചെയ്യുന്നത് തടയാനാണ് പൊലീസ് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. നാടുകാണി ഏരിയ സമിതിക്ക് കീഴിലെ ദളം (സ്ക്വാഡ്) പതിവ് ഗ്രാമസന്ദർശനത്തി​െൻറ ഭാഗമായാണ് തൊള്ളായിരം പ്രദേശത്ത് എത്തിയതെന്ന് വക്താവ് അജിതയുടെ പേരിലുള്ള കുറിപ്പിൽ വ്യക്തമാക്കി. ''ബംഗാൾ സ്വദേശികളായ െതാഴിലാളികളോട് തൊഴിലിനെക്കുറിച്ചും അവരുടെ ജീവിതരീതിയെപ്പറ്റിയും ചോദിച്ചറിയുകയും മാവോവാദികൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ബദലിനെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നമസ്കരിക്കാനായി പോയ ഒരു തൊഴിലാളി തൊട്ടടുത്ത റിസോർട്ടിൽ പോയി ഞങ്ങൾ എത്തിയ വിവരം അറിയിക്കുകയായിരുന്നു. മറ്റു രണ്ടുപേരും ഞങ്ങൾ പിരിയുംവരെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഇതാണ് ബന്ദിയാക്കിയെന്നും മറ്റുമുള്ള കുപ്രചാരണമായിത്തീർന്നത്'' -കുറിപ്പിൽ പറഞ്ഞു. മലയാളികളായ മറ്റു തൊഴിലാളികൾ രാത്രിയിൽ വരുമെന്നറിഞ്ഞതിനാൽ അവരെക്കൂടി കാണാനും സംസാരിക്കാനും രാത്രി ഒമ്പതുമണിവരെ അവിെട ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഫോണിലൂടെ ബന്ധപ്പെട്ടേപ്പാഴാണ് തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി അറിഞ്ഞത്. വൈകാതെ തങ്ങൾ തിരിച്ചുപോവുകയായിരുന്നെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. പ്രദേശത്തെ റിസോർട്ടുകൾ ആക്രമിക്കുകയോ താമസക്കാരെ ബന്ദികളാക്കുകയോ ലക്ഷ്യം വെച്ചല്ല തങ്ങൾ പ്രവർത്തിക്കുന്നത്. മാവോവാദി പ്രസ്ഥാനത്തെ ബോധപൂർവം കരിവാരിത്തേക്കാനും ജനങ്ങളെ ഭീതിയിലാഴ്ത്തി തങ്ങളിൽനിന്ന് അകറ്റിനിർത്താനുമുള്ള ഭരണകൂടത്തി​െൻറ ഗൂഢാലോചനാപരമായ കുപ്രചാരണമാണ് മാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ടതെന്ന് പത്രക്കുറിപ്പിൽ ആരോപിച്ചു. ജൂലൈ 23ന് തയാറാക്കിയതെന്ന് സൂചിപ്പിക്കുന്ന പത്രക്കുറിപ്പ് ഉൾപ്പെടുന്ന കത്ത് മേപ്പാടിയിൽ നിന്നാണ് പോസ്റ്റ് ചെയ്തത്. സമയപരിമിതിയും പ്രതികൂല സാഹചര്യങ്ങളും കാരണം ഫോണിലൂടെ ബന്ധപ്പെടാനോ യഥാസമയം വിശദീകരിക്കാനോ കഴിഞ്ഞില്ലെന്നും ഇതോടൊപ്പം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന ചെറുകുറിപ്പിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.