'എസ്പതിനായിരം' ഉള്ളിലേക്ക്​ കടന്നുവരുന്ന നോവൽ -എം.ടി

കോഴിക്കോട്: 'എസ്പതിനായിരം' എന്ന നോവൽ അതിലെ ജീവിതങ്ങളുടെ പ്രത്യേകതകൊണ്ട് നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്നതായി എം.ടി. വാസുദേവൻ നായർ. എൻ.പി. ഹാഫിസ് മുഹമ്മദ് എഴുതിയ 'എസ്പതിനായിരം' സച്ചിദാനന്ദന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പുസ്തകങ്ങളും തന്നെ വായിപ്പിക്കുന്നില്ല. എന്നാൽ, ഇത് വായിപ്പിച്ചു. ഏറെ ഇഷ്ടത്തോടെയും സ്നേഹത്തോടെയുമാണ് വായിച്ചത്. ലോകസാഹിത്യത്തിൽതന്നെ പ്രധാന പ്രമേയമായ കൗമാരത്തിനും യൗവനത്തിനും ഇടയിലുള്ള കാലമാണ് നോവലിലുള്ളതെന്നും എം.ടി കൂട്ടിച്ചേർത്തു. പലരീതിയിലും കാഴ്ചപ്പാടുകളിലും വായിക്കാവുന്ന പരീക്ഷണാത്മക നോവലാണ് 'എസ്പതിനായിര'മെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. മനുഷ്യവികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന മഴയാണ് നോവലിലുടനീളം പെയ്യുന്നത്. ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയെല്ലാംകൊണ്ട് ഒരു മനോഹര വായനാനുഭവം നൽകുന്നതാണ് നോവലെന്നും അദ്ദേഹം പറഞ്ഞു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. ഡോ. മിനി പ്രസാദ് പുസ്തക പരിചയം നടത്തി. നോവലിലെ കഥാപാത്രങ്ങളായ ടി.പി. മമ്മു മാസ്റ്റർ, ഹസൻ വാടിയിൽ, പി. മമ്മദ്കോയ, ബിച്ചാത്തു മുഹമ്മദ്, കെ.പി. അബ്ദുൽഹമീദ്, എൻ.പി. സൈന, പി.എൻ. ഫസൽ മുഹമ്മദ്, വി. നസീർ, പി.എ. മുഹമ്മദ് കോയ, പി. റസൂൽ എന്നിവർ വേദിയിലെത്തി. ഡി.സി ബുക്സ് പബ്ലിക്കേഷൻ മാനേജർ എ.വി. ശ്രീകുമാർ സ്വാഗതവും എൻ.പി. ഹാഫിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.