ന്യൂ ജനറേഷൻ ലഹരിമരുന്നുമായി യുവാവ് പിടിയിൽ

വെള്ളിമാട്കുന്ന്: വിൽപനക്ക് കൊണ്ടുവന്ന നിരോധിത ലഹരിമരുന്നായ മെഥിലിൻ ഡൈ ഒാക്സി മീഥാംഫിറ്റമൈനുമായി (എം.ഡി.എം.എ) യുവാവിനെ അറസ്റ്റ് ചെയ്‌തു. കോഴിക്കോട് ഇരിങ്ങാടൻ പള്ളി വളാങ്കുളം സ്വദേശിയായ നെടൂളിപറമ്പിൽ അതുൽ കൃഷ്ണയെ (19) ആണ് വളാങ്കുളം ബസ്സ്റ്റോപ്പിന് സമീപത്തു നിന്ന് പിടികൂടിയത്. ന്യൂ ജനറേഷൻ ലഹരിമരുന്ന് എന്നറിയപ്പെടുന്ന 1300 മില്ലിഗ്രാം എം.ഡി.എം.എയുമായാണ് ചേവായൂർ പൊലീസും കോഴിക്കോട് ജില്ല ആൻറി നാർക്കോട്ടിക് സ്പെഷൽ ഫോഴ്സും (ഡൻസാഫ്) ചേർന്ന് പിടികൂടിയത്. നഗരത്തിലെ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി വിൽക്കാനായി കൊണ്ടുവന്നതാണ് ഇതെന്ന് െപാലീസ് പറഞ്ഞു. കുറച്ച് കാലമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ഇയാൾ കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽ ലഹരിമരുന്നുകൾ വാങ്ങാൻ പോയതായി ഡൻസാഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ജീൻസി​െൻറ പോക്കറ്റിൽ ഒളിപ്പിച്ചു സൂക്ഷിച്ച ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിവസ്തുവുമായി ഇയാൾ വലയിലായത്. പുതിയ തലമുറയിലെ യുവതീ യുവാക്കൾക്കിടയിൽ ഇത്തരം ലഹരിമരുന്നുകളുടെ ഉപയോഗം വർധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളെ അപേക്ഷിച്ച് പൊലീസിനോ രക്ഷിതാക്കൾക്കോ കണ്ടെത്താനോ സംശയത്തിനോ ഇടനൽകാതെ ഉപയോഗിക്കാനും കൊണ്ടുനടക്കാനും കഴിയുമെന്നുള്ളതാണ് യുവാക്കളെ ഇത്തരം ലഹരിമരുന്നിലേക്ക് ആകൃഷ്ടരാക്കുന്നത്. വളരെ ചുരുങ്ങിയ അളവിൽ ശരീരത്തിൽ എത്തിയാൽപോലും കൂടുതൽ തീവ്രവും ദൈർഘ്യമേറിയതുമായ ലഹരി പ്രദാനം ചെയ്യുന്നതാണ് ഇവയെന്ന് െപാലീസ് പറഞ്ഞു. എം.ഡി.എം.എ എക്റ്റസി ടാബ്ലറ്റ് അമിത അളവിൽ ഉപയോഗിച്ച് കഴിഞ്ഞ വർഷം കോഴിക്കോട് ഗോവിന്ദപുരത്തെ ലോഡ്ജിൽ ഒരു വിദ്യാർഥി മരിച്ചിരുന്നു. വെള്ളിമാട്കുന്ന് സ്വദേശിയും മയക്കുമരുന്ന് ഉപയോഗിച്ച് ഇൗയിടെ മരിച്ചിരുന്നു. മയക്കുമരുന്ന് വിൽപനയിലേക്കും ഉപയോഗത്തിലേക്കും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ എണ്ണം കൂടിവരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.