കയാക്കിങ്: ചാലിപ്പുഴയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച്​ പ്രഫഷനല്‍ താരങ്ങൾ

കോടേഞ്ചരി: ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റി​െൻറയും വൈറ്റ് വാട്ടര്‍ കയാക്കിങ്ങി​െൻറയും മൂന്നാം ദിനം മികച്ച പ്രകടനം കാഴ്ചവെച്ച് പ്രഫഷനല്‍ താരങ്ങൾ. പതഞ്ഞുയരുന്ന ജലനിരപ്പിലൂടെയുള്ള കയാക് താരങ്ങളുടെ പ്രകടനം അപൂര്‍വ നിമിഷങ്ങളാണ് കാണികള്‍ക്ക് സമ്മാനിച്ചത്. പ്രഫഷനല്‍ താരങ്ങള്‍ മാത്രമടങ്ങുന്ന, ഒളിമ്പിക്‌സ് ഇനമായ കെ-വണ്ണില്‍ ഉള്‍പ്പെട്ട സ്ലാലോം റെയ്‌സ് വിഭാഗത്തിലാണ് വെള്ളിയാഴ്ച മത്സരം നടന്നത്. മലവെള്ളത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ കുതിച്ചുപായുന്ന പുഴയില്‍ കയാക്കുകള്‍ മറിയുമ്പോള്‍ കാണികളുടെ നെഞ്ചിടിപ്പേറി. വെള്ളിയാഴ്ച രണ്ടു യോഗ്യത റൗണ്ടുകളില്‍ 25ലധികം വിദേശ താരങ്ങളടക്കം 50 താരങ്ങളാണ് പങ്കെടുത്തത്. ഒളിമ്പിക്‌സ് താരം ന്യൂസിലൻഡുകാരന്‍ മൈക് ഡോസന്‍, ഇറ്റലിക്കാരൻ ജിജി റിസറ്റ്‌ലി, ആസ്‌ട്രേലിയക്കാരന്‍ ഇയാന്‍ വിന്‍സൻറ് തുടങ്ങി താരങ്ങളാണ് ഓളപ്പരപ്പില്‍ ആവേശം തീര്‍ത്തത്. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനങ്ങളുമായി ഇന്ത്യന്‍ താരങ്ങളുമുണ്ടായിരുന്നു. കോടഞ്ചേരി സ്വദേശി നിസുല്‍ ജോസും പുല്ലൂരാംപാറക്കാരന്‍ നിധിന്‍ദാസും മികച്ച പ്രകടനം നടത്തി. യോഗ്യത റൗണ്ടുകളില്‍ മികച്ച സമയം കുറിച്ച അഞ്ചുപേര്‍ വനിതകളുടെയും 20 പേര്‍ പുരുഷന്മാരുടെയും വിഭാഗത്തില്‍ ഫൈനലിലെത്തി. എട്ട് ഇന്ത്യക്കാരാണ് ഫൈനലില്‍ സ്ഥാനംപിടിച്ചത്. സ്ലാലോം റെയ്‌സില്‍ മൈക് ഡോസനും നൗറിയ ന്യൂമാനും ജേതാക്കളായി. വെള്ളിയാഴ്ച നടന്ന സ്ലാലോം റെയ്‌സ് വിഭാഗത്തില്‍ ഒളിമ്പിക്‌സ് താരം മൈക് ഡോസന്‍ ജേതാവായി. സ്‌പെയിന്‍കാരന്‍ ഗര്‍ഡ് സെറാസോള്‍സ് രണ്ടാം സ്ഥാനവും അമേരിക്കക്കാരനായ ഡെയിന്‍ ജാക്‌സണ്‍ മൂന്നാം സ്ഥാനവും നേടി. മലബാര്‍ റിവര്‍ ഫെസ്റ്റിവലിലെ മുന്‍ 'റാപിഡ് രാജ'യാണ് മൈക് ഡോസന്‍. നാല് മത്സരയിനങ്ങളിലും ഏറ്റവും കൂടുതല്‍ പോയൻറ് നേടുന്നവരെയാണ് 'റാപിഡ് രാജ'യായി തിരഞ്ഞെടുക്കുന്നത്. വനിതകളുടെ വിഭാഗത്തില്‍ ഫ്രാന്‍സി​െൻറ നൗറിയ ന്യൂമാന്‍ ഒന്നാം സ്ഥാനം നേടി. നെതര്‍ലന്‍ഡ്‌സി​െൻറ മാര്‍ട്ടിന വെഗ്മാന്‍ രണ്ടും അമേരിക്കയുടെ നിക്കോളോ മാന്‍സ്ഫീല്‍ഡ് മൂന്നാം സ്ഥാനവും നേടി. ശനിയാഴ്ച പുരുഷ-വനിത പ്രഫഷനല്‍ താരങ്ങള്‍ മത്സരിക്കുന്ന ബോട്ടോര്‍ ക്രോസ് മത്സരം പുലിക്കയത്ത് ചാലിപ്പുഴയില്‍ നടക്കും. രാവിലെ 10ന് മത്സരങ്ങള്‍ ആരംഭിക്കും. ദേശീയ-വിദേശ താരങ്ങള്‍ പങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.