നാദാപുരം: വിലങ്ങാട് മലയോരത്ത് ശക്തമായ മഴയോടൊപ്പമുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം. വീടുകളും കാർഷിക വിളകളും നശിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. വിലങ്ങാട് ചെറിയ പാനോം, വാളൂക്ക് മേഖലയിലാണ് കാറ്റ് താണ്ഡവമാടിയത്. പാനോത്തെ വട്ടക്കുന്നേൽ രാജുവിെൻറ വീടിന് മുകളിൽ സമീപത്തെ കശുമാവും തെങ്ങും കടപുഴകി വീടിന് മുകളിൽ പാകിയ ആസ്ബസ്റ്റോസ് ഷീറ്റുകൾ പൂർണമായി തകർന്നു. വട്ടക്കുന്നേൽ ജോസിെൻറ കാർഷിക വിളകളായ തെങ്ങ്, തേക്ക്, കശുമാവ്, കവുങ്ങ് തുടങ്ങിയവ കടപുഴകി. വട്ടക്കുന്നേൽ സിബി, വട്ടക്കുന്നേൽ ജോസഫ്, കുടിപാറ ബാബു, വട്ടക്കുന്നേൽ സെബാസ്റ്റ്യൻ തുടങ്ങിയ പതിനഞ്ചോളം പേരുടെ കൃഷിയിടത്തിലെ കാർഷിക വിളകൾക്ക് നാശം സംഭവിച്ചു. വട്ടക്കുന്നേൽ ജോസഫിെൻറ വീടിന് സമീപത്തെ തെങ്ങ് കടപുഴകി. വീട്ടുകാർ തലനാരിഴക്കാണ് അപകടമേൽക്കാതെ രക്ഷപ്പെട്ടത്. മഞ്ഞക്കുന്ന് അൽഫോൻസ ചർച്ചിന് സമീപത്തെ റോഡിൽ തേക്ക് കടപുഴകി ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു. പ്രദേശത്തെ വൈദ്യുതിബന്ധം പൂർണമായി തകർന്നു. വാളൂക്കിൽ മരങ്ങൾ കടപുഴകി ഇലക്ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകർന്നു. നാദാപുരം: ഇരിങ്ങണ്ണൂർ മരക്കുളം ഭഗവതി ക്ഷേത്ര പരിസരത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരമരം കടപുഴകി. തിങ്കളാഴ്ച വൈകീട്ട് ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് നാട്ടുകാർ പുറത്തുപോയ സമയത്താണ് മരം കടപുഴകിയത്. കാഞ്ഞിരമരത്തിെൻറ തറയും ചുറ്റുമതിലും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.