കോഴിക്കോട്: പകര്‍ച്ചപ്പനിക്ക് ഇടയാക്കുന്ന തരത്തില്‍ കൃഷിത്തോട്ടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ആരോഗ്യസേനയെ ഉപയോഗിച്ച് ആഴ്ചയില്‍ ഒരുദിവസം പഞ്ചായത്തുകളില്‍ ശുചീകരണ പ്രവൃത്തി നടത്തുന്നതിന് നിര്‍ദേശം നല്‍കി. ഡെങ്കി ഉള്‍പ്പെടെ ജില്ലയില്‍ പകര്‍ച്ചപ്പനി സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കൃഷിയിടത്തിൽ അടക്ക, തേങ്ങ തൊണ്ടുകള്‍, കൊക്കോ തോടുകള്‍, പാളകള്‍, റബ്ബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ തുടങ്ങി വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള മുഴുവന്‍ വസ്തുക്കളും കൃഷിയിടങ്ങളില്‍നിന്ന് യഥാസമയം മാറ്റുന്നതിന് നിര്‍ദേശം നല്‍കി. ഒഴിഞ്ഞുകിടക്കുന്ന തോട്ടങ്ങളും പറമ്പുകളും ജനങ്ങളുടെ കൂട്ടായ്മയിലൂടെ ശുചീകരിക്കണം. യോഗത്തില്‍ പങ്കെടുത്തിട്ടും ശുചീകരണ പ്രവൃത്തികളുമായി സഹകരിക്കാത്തവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെൻറ് ആക്ട് അനുസരിച്ച് കര്‍ശന നടപടിയെടുക്കുമെന്നും യോഗം അറിയിച്ചു. ക്വാറികളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി വേണമെന്നും കൃഷിയിടങ്ങളില്‍ കാട് വെട്ടി വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ നിയോഗിക്കണമെന്നും തോട്ടം ഉടമസ്ഥര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ജില്ല ആസൂത്രണ സമിതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് എ.ഡി.എം അറിയിച്ചു. കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം ടി. ജനില്‍കുമാർ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ഡി.എം.ഒ ഡോ. ആശാദേവി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ഡോ. വി. ലതിക, ജില്ല മലേറിയ ഓഫിസര്‍ പ്രകാശ് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റൻറ് കെ.ടി. മോഹനന്‍, െഡപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ എസ്. ഇസ്മാലി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, തോട്ടം ഉടമസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.