കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടൽ ദുരിതബാധിതർക്കായി പുനരധിവാസ പാക്കേജുമായി മുസ്ലിംലീഗ്. സര്‍ക്കാര്‍ സഹായം ലഭിക്കാത്ത ഭവനരഹിതര്‍ക്ക് വീടുനിർമിക്കുന്നതും സ്ഥലം നൽകുന്നതുമുൾെപ്പടെയാണ് മുസ്‌ലിംലീഗ് കരിഞ്ചോല പുനരധിവാസ സമിതിക്കുകീഴിൽ നടപ്പാക്കുകയെന്ന് മുഖ്യ രക്ഷാധികാരി ഡോ. എം.കെ. മുനീര്‍ എം.എൽ.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ദുരിതബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനുശേഷം സര്‍ക്കാറിെൻറയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം മന്ദഗതിയിലാണ് മുന്നോട്ടുനീങ്ങുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്. ഒരുമാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ദുരന്ത സ്ഥലം ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. ദുരിത ബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നാട്ടുകാരും യു.ഡി.എഫും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അപകട സാധ്യത നിലനില്‍ക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനായി സ്ഥലം വാങ്ങി വീടു നിര്‍മിച്ചുനല്‍കും. പരിക്കേറ്റവര്‍ക്ക് ചികിത്സ സഹായവും മരണമുണ്ടായ കുടുംബത്തിലെയും വീടുതകര്‍ന്ന കുടുംബത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു വര്‍ഷത്തേക്ക് മാസാന്ത വിദ്യാഭ്യാസ സഹായവും നല്‍കും. ഇത്തരം കുടുംബങ്ങള്‍ക്ക് ഒരുവര്‍ഷക്കാലം പ്രത്യേക പെന്‍ഷന്‍ അനുവദിക്കും. പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍വഹിക്കുക. 13ന് ദുരിതബാധിതരുടെ സംഗമം നടക്കും. സമിതിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് താമരശ്ശേരി ശാഖയില്‍ അക്കൗണ്ട് ആരംഭിക്കും. ദുരിതബാധിതരായ 15 കുടുംബങ്ങള്‍ സഹായം ചോദിച്ച് തങ്ങളെ സമീപിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, ജനറല്‍ സെക്രട്ടറിയുമായ എം.എ. റസാഖ് മാസ്റ്റർ, വൈസ് പ്രസിഡൻറ് കെ. മൊയ്തീന്‍കോയ, ജില്ല പഞ്ചായത്ത് അംഗം നജീബ് കാന്തപുരം എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.