ലേലപ്പുര നിർമാണത്തിലെ അപാകത വിദഗ്ധ പരിശോധനക്ക്​ ശേഷം തുടർ പ്രവൃത്തിയെന്ന്

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിലെ ലേലപ്പുരയുടെ അപാകത വിദഗ്ധർ പരിശോധിച്ച ശേഷം തുടർ പ്രവൃത്തിയെന്ന് ഹാർബർ സംയുക്ത വികസന സമിതി. ഹാർബർ നിർമാണ പ്രവർത്തനങ്ങളിലെ പുരോഗതിയും ഉയർന്നു വന്ന ആക്ഷേപങ്ങളും അവലോകനം ചെയ്യാൻ കെ. ദാസൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. ലേലപ്പുരയുടെ നിർമാണം ഒഴിച്ചുള്ളവ തുടരണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. എന്നാൽ, നിർദേശം ഹാർബർ വികസന സമിതിയുടെ ബുധനാഴ്ച ചേർന്ന യോഗം തള്ളി. തുടർ പ്രവൃത്തികളെല്ലാം എൻ.ഐ.ടിയുടെ പരിശോധനക്കുശേഷം മതിയെന്ന് തീരുമാനിച്ചു. ലേലപ്പുരയുടെ കോൺക്രീറ്റ് പ്രവൃത്തികൾ കഴിഞ്ഞയുടൻ എത്തിയ മഴയിൽ ലേലപ്പുര ചോർന്നൊലിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് ഹാർബർ വികസന സമിതി തുടർ പ്രവൃത്തി തടയുകയും ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. 80 ലക്ഷം ചെലവഴിച്ചുള്ള ചളിനീക്കലും പ്രഹസനമാണെന്ന് ഇവർ ആരോപിച്ചിരുന്നു. വികസന സമിതി യോഗത്തിൽ ചെയർമാൻ വി.എം. രാജീവൻ, കൺവീനർ പുരുഷോത്തമൻ, എം.വി. ബാബുരാജ്, വി.കെ. ജയൻ, പി.പി. മനോജ്, സതീശൻ കിണറ്റിൻകര, വി.കെ. നിതേഷ്, കെ.പി. മണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.