വികസന സാധ്യത ജില്ല പദ്ധതി: വിവാദങ്ങൾക്കിടെ ആദ്യ യോഗം

* ആദ്യഘട്ട റാങ്കിങ്ങിൽ വയനാട് പുറത്തായിരുന്നു പദ്ധതിക്കാവശ്യമായ നോഡൽ ഓഫിസറെ നിയമിക്കുന്നതിലെ കാലതാമസവും റിപ്പോർട്ട് നൽകാത്തതുമാണ് ജില്ലക്ക് തിരിച്ചടിയായത് കൽപറ്റ: വികസന സാധ്യതകൾ മുൻനിർത്തി പിന്നാക്ക ജില്ലകൾക്കായി നിതി ആയോഗ് ആവിഷ്കരിച്ച ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആദ്യ യോഗം ചേർന്നു. ശനിയാഴ്ച കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ വിളിച്ചുചേര്‍ത്ത ജില്ല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പദ്ധതി നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങൾ ചർച്ച ചെയ്തു. ആദ്യഘട്ട റാങ്കിങ്ങിൽ വയനാട് പുറത്തായിരുന്നു. പദ്ധതിയുടെ കേന്ദ്ര നോഡൽ ഓഫിസർ ഡോ. വി.പി. ജോയിയുടെ നേതൃത്വത്തിലായിരുന്നു യോഗം. റിപ്പോർട്ട് നൽകാത്തതിനെ തുടർന്നായിരുന്നു ആദ്യഘട്ട റാങ്കിങ്ങിൽനിന്ന് വയനാടിനെ ഒഴിവാക്കിയത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ 112 ജില്ലകളെയാണ് ആദ്യഘട്ട റാങ്കിങ്ങിൽ ഉൾപ്പെടുത്തിയത്. ഇനി രണ്ടാം ഘട്ടത്തിൽ മാത്രമേ വയനാടിനെ പരിഗണിക്കാനാകൂ. ആദ്യഘട്ട റാങ്കിങ്ങിൽ ഉൾപ്പെടുത്തുന്നതിനായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനത്തിന് നേരത്തേ നിതി ആയോഗ് കത്തയച്ചിരുന്നു. എന്നാൽ, ചുരുങ്ങിയ സമയംകൊണ്ട് റിപ്പോർട്ട് തയാറാക്കാൻ പറ്റില്ലെന്ന മറുപടിയാണ് സംസ്ഥാനം നൽകിയത്. റിപ്പോർട്ട് കിട്ടുന്ന മുറക്ക് അടുത്തഘട്ട റാങ്കിങ്ങിൽ വയനാടിനെ ഉൾപ്പെടുത്താൻ കഴിയുമെന്നാണ് കഴിഞ്ഞദിവസം നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് വ്യക്തമാക്കിയത്. പദ്ധതിക്കാവശ്യമായ നോഡൽ ഓഫിസറെ നിയമിക്കുന്നതിലെ കാലതാമസവും റിപ്പോർട്ട് നൽകാത്തതുമാണ് ജില്ലക്ക് തിരിച്ചടിയായത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, ജലവിഭവം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ ആറു മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ്. രാജ്യത്തെ മികച്ച ജില്ലയാക്കുമെന്ന് നോഡൽ ഓഫിസർ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ മാനവ വികസന സൂചികയില്‍ വയനാടിനെ രാജ്യത്ത് ഒന്നാമതെത്തിക്കാന്‍ കഴിയുമെന്ന് നോഡൽ ഓഫിസർ ഡോ. വി.പി. ജോയി. പദ്ധതിയില്‍നിന്ന് വയനാടിനെ ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിതി ആയോഗി​െൻറ പദ്ധതിയുമായി ബന്ധപ്പെട്ട സൈറ്റില്‍ റാങ്കിങ് ഡാറ്റ അപ്ലോഡ് ചെയ്യാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. അപ്ലോഡിങ് സംബന്ധിച്ച് സാങ്കേതിക നിര്‍ദേശം നല്‍കാനായി നിതി ആയോഗിലെ വിദഗ്ധര്‍ അടുത്ത ബുധനാഴ്ച ജില്ലയിലെത്തും. പദ്ധതിയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ 115 ജില്ലകളുടെ മാനവിക വികസന സൂചികകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ല ഇപ്പോള്‍ തന്നെ മുന്നിലാണ്. ജില്ല പിന്നാക്കമായി നില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയാല്‍ രാജ്യത്തെ മറ്റു ജില്ലകളെക്കാള്‍ മുകളിലെത്താന്‍ വയനാടിനു സാധിക്കും. 2022ഓടെ രാജ്യത്തെ പിന്നാക്ക ജില്ലകളെല്ലാം മുന്നിലെത്തുന്നതോടെ ഇന്ത്യയുടെ മാനവിക വികസന സൂചിക വികസിത രാജ്യങ്ങളോടൊപ്പമെത്തിക്കാനാകും. ജില്ലയില്‍ 60 ശതമാനത്തില്‍ താഴെ മാനവിക വികസന സൂചികയുള്ള മേഖലകള്‍ക്കാണ് ആദ്യം ഊന്നല്‍ നല്‍കുക. തൊഴില്‍ വൈദഗ്ധ്യം, പോഷകഹാരക്കുറവ്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുക. അതിനുശേഷം മറ്റു മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കണമെന്ന് കലക്ടർ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ജില്ല കലക്ടര്‍ എ.ആര്‍. അജയകുമാര്‍. വിവിധ വകുപ്പുകള്‍ അടിയന്തരമായി മെച്ചപ്പെടുത്തേണ്ട മേഖലകള്‍ കണ്ടെത്തും. ഓരോ തവണയും നിതി ആയോഗ് നിയോഗിക്കുന്ന വിദഗ്ധ സമിതി പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. വകുപ്പ് തലത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങൾ കലക്ടര്‍ മുന്‍കൈയെടുത്ത് പരിഹരിക്കണം. അല്ലാത്തവ സംസ്ഥാനതലത്തിലും പരിഹാരം കാണും. എല്ലാ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തും. ജില്ല പ്ലാനിങ് ഓഫിസറാണ് ജില്ലയിലെ പദ്ധതിയുടെ നോഡല്‍ ഓഫിസര്‍. യോഗത്തില്‍ എ.ഡി.എം എ.എം. രാജു, ജെ.ഡി.സി പി.ജി. വിജയകുമാര്‍, പ്ലാനിങ് ഓഫിസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. SATWDL4 ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിൽ ആസ്പിരേഷനൽ ജില്ല േപ്രാഗ്രാം നോഡൽ ഓഫിസർ വി.പി. ജോയി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.