* പാസ്പോർട്ട് സമർപിക്കാൻ ന്യായമായ സമയം നൽകിയില്ല ഉമർ പുതിയോട്ടിൽ കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കർക്കശവും നീതിരഹിതവുമായ നിലപാട് കാരണം ആയിരത്തിലേറെ പ്രവാസികൾക്ക് ഹജ്ജ് യാത്ര റദ്ദാക്കേണ്ടിവന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നറുക്കെടുപ്പിൽ അവസരം ലഭിച്ച പ്രവാസികൾക്ക് പാസ്പോർട്ട് സമർപ്പിക്കാൻ ന്യായമായ സമയം അനുവദിക്കാത്തതാണ് കാരണം. എന്നാൽ, ഇവർക്ക് പകരം വെയ്റ്റിങ് ലിസ്റ്റിൽനിന്ന് തെരഞ്ഞെടുത്തവർക്ക് പാസ്പോർട്ട് സമർപിക്കാൻ സമയം അനുവദിക്കുകയും ചെയ്തു. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്ന പ്രവാസികൾക്ക് പാസ്പോർട്ടും രേഖകളും സമർപിക്കാൻ മുൻവർഷങ്ങളിലൊക്കെ ന്യായമായ സമയം അനുവദിച്ചിരുന്നു. അതിനാൽ, നാട്ടിൽ വന്ന് കുടുംബാംഗങ്ങളെകൂട്ടി തീർഥാടനത്തിനുപോയി തിരിച്ചെത്താനും വീണ്ടും ജോലിസ്ഥലത്തേക്ക് പോകാനും പ്രയാസമുണ്ടായിരുന്നില്ല. കഴിഞ്ഞവർഷം പാസ്പോർട്ട് സമർപിക്കാൻ ജൂലൈ 10വരെ സമയം നൽകി. ഇത്തവണ ഏപ്രിൽ 30 വരെ മാത്രമാണ് അനുവദിച്ചത്. ജൂലൈ അഞ്ച് വരെയെങ്കിലും സമയം നൽകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും തീർഥാടകരും നിരന്തരം അഭ്യർഥിച്ചിട്ടും നിവേദനം നൽകിയിട്ടും ബന്ധപ്പെട്ടവർ ചെവിക്കൊണ്ടില്ല. ഏപ്രിൽ 30നകം പാസ്പോർട്ട് നൽകാൻ സാധിക്കാത്തവരോട് ഹജ്ജ് അപേക്ഷ റദ്ദാക്കാനായിരുന്നു അധികൃതരുടെ നിർദേശം. റദ്ദാക്കാൻ വൈകിയാൽ പിഴ അടക്കേണ്ടിവരുമെന്നായതോടെ പ്രവാസികൾ ഒാരോരുത്തരായി യാത്ര വേണ്ടെന്നുവെക്കുകയായിരുന്നു. ഇൗ വർഷം ആഗസ്റ്റ് 22നാകും ഹജ്ജ് കർമം നടക്കുക. നാട്ടിൽ തിരിച്ചെത്താൻ സെപ്റ്റംബർ അവസാനവാരമാകും. ഏപ്രിലിൽ നാട്ടിലെത്തി പാസ്പോർട്ട് സമർപിക്കുന്നവർക്ക് ഇത്രയുംകാലം നാട്ടിൽ തങ്ങുക അസാധ്യമാണ്. മാത്രമല്ല, ഏത് വിസയിലും ആറുമാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങാൻ സാധിക്കില്ല. ഒന്നുകിൽ ജോലി കളഞ്ഞ് ഹജ്ജിന് പോകണം; അല്ലെങ്കിൽ ഹജ്ജ് യാത്ര ഉപേക്ഷിക്കണം. ഇൗ സാഹചര്യത്തിൽ ഭൂരിഭാഗം പേരും ഉപജീവനത്തിന് മറ്റു മാർഗങ്ങളില്ലാത്തതിനാൽ ഹജ്ജ് സ്വപ്നം ഉപേക്ഷിക്കുകയായിരുന്നു. മാത്രമല്ല, ഇവരെ 'മഹ്റം' ആക്കി ഹജ്ജിന് തയാറെടുത്ത കുടുംബാംഗങ്ങളും തീരാദുഃഖത്തോടെയാണ് യാത്ര ഉപേക്ഷിച്ചത്. പലരുടെയും പ്രായംചെന്ന മാതാപിതാക്കളും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, ഇവർക്ക് പകരം വെയ്റ്റിങ് ലിസ്റ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പാസ്പോർട്ട് സമർപിക്കാൻ ജൂലൈ അഞ്ചുവരെ സമയം അനുവദിച്ചു. ഇതിെൻറ ന്യായീകരണം തേടിയപ്പോൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികൃതർക്ക് മറുപടിയുണ്ടായില്ല. പ്രവാസികളോട് കാണിച്ചത് വഞ്ചനയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഗൾഫിലെ തൊഴിൽ സാഹചര്യം മനസ്സിലാക്കി സാമാന്യേബാധത്തോടെ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ നിരവധി പ്രവാസികൾക്കും കുടുംബങ്ങൾക്കും ഹജ്ജ് സ്വപ്നം സഫലമാകുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.