കൊയിലാണ്ടി: മൺസൂൺ കാലത്തെ ട്രോളിങ് നിരോധനത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്ന ഹൈകോടതി നിർദേശം പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ ആശങ്ക പരത്തി. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുവർണകാലം. കടൽ ശാന്തമാകുന്ന വേളയിൽ ധാരാളം മീൻ ലഭിക്കും. മാത്രമല്ല, ട്രോളിങ് നിരോധന കാലത്ത് വഞ്ചിക്കാരുടെയും ബോട്ടുകാരുടെയും മത്സ്യങ്ങൾ വിപണിയിൽ ഉണ്ടാകില്ല. അതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മോശമല്ലാത്ത വരുമാനവും ലഭിക്കും. ഈ കാലത്ത് അനുബന്ധ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും ആശ്രയിക്കുന്നത് പരമ്പരാഗത മത്സ്യബന്ധനക്കാരെയാണ്. പുതിയ നിർദേശം നടപ്പായാൽ, ഇവരുടെ ജീവിതത്തെയും സാരമായി ബാധിക്കും. പരിമിതവൃത്തത്തിൽ ഒതുങ്ങുന്നതാണ് പരമ്പരാഗത മത്സ്യബന്ധനം. രണ്ടും മൂന്നും പേരൊക്കെയാണ് ചെറിയ തോണിയിൽ ഉണ്ടാകുക. മൂന്നു നോട്ടിക്കൽ മൈലിനപ്പുറം ഇവർ പോകാറില്ല. വലിയ വള്ളങ്ങൾ 10 നോട്ടിക്കൽ മൈൽ വരെ പോകും. വഞ്ചി, ബോട്ട് ഗണത്തിൽ വള്ളങ്ങളെ കാണരുതെന്നാണ് പരമ്പരാഗത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരുടെ വാദം. വഞ്ചികളും ബോട്ടുകളും മണിക്കൂറുകൾകൊണ്ട് ജില്ലകൾപോലും പിന്നിടും. അതിനിടെ, കുഞ്ഞുമീനുകൾ ഉൾപ്പടെ എല്ലാറ്റിനെയും ഇവയുടെ അതിസൂക്ഷ്മ കണ്ണികളുള്ള വലകൾ ഊറ്റിയെടുക്കും. വലിയ മത്സ്യങ്ങളെ എടുത്ത ശേഷം മറ്റുള്ളവയെ ഉപേക്ഷിക്കുകയാണ് ചെയ്യുക. ഈ രീതി മത്സ്യസമ്പത്തിന് കനത്ത ആഘാതം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. അതേസമയം, തങ്ങൾ നടത്തുന്ന ചെറിയ തോതിലുള്ള മത്സ്യബന്ധനംകൊണ്ട് ദോഷമൊന്നും സംഭവിക്കുന്നില്ലെന്നാണ് പരമ്പരാഗതരീതി പിന്തുടരുന്നവർ പറയുന്നത്. ശരിയായ പഠനം നടത്തിയ ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളാവൂവെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.