കുറ്റ്യാടി: പരിസര പഞ്ചായത്തുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വ്യാപകമായി മന്ത് രോഗം കണ്ടെത്തിയതിനെ തുടർന്ന് കുറ്റ്യാടിയിലെ താമസക്കാർക്കായി നടത്തിയ പരിശോധന ഫലം ഇനിയും പുറത്തുവന്നില്ല. കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ ഇരുനൂറിൽ പരം ആളുകളെ കഴിഞ്ഞാഴ്ചയാണ് പരിശോധിച്ചത്. മറ്റു പഞ്ചായത്തുകളിലെല്ലാം പരിശോധന നേരത്തേ പൂർത്തിയാക്കി ഫലം വന്നിട്ടും താലൂക്ക് ആശുപത്രി പരിധിയിൽ പരിശോധന നടപടി വൈകുകയാണെന്ന് ആക്ഷേപമുണ്ട്. നൂറു കണക്കിൽ ഇതര സംസ്ഥാന തൊഴിലാളികൾ കുറ്റ്യാടി ടൗണിലെ വിവിധ ലോഡ്ജുകളിൽ താമസിക്കുന്നുണ്ട്. അതിൽ ചെറിയ ശതമാനം മാത്രമാണ് പരിശോധനക്ക് വിധേയരായതെത്ര. അതിനാൽ, ടൗണിൽ വീടുകളിലും ലോഡ്ജുകളിലും താമസിക്കുന്നവർ ആശങ്കയിലാണ്. കുറ്റ്യാടിയിൽ കൊതുകുശല്യം മുമ്പില്ലാത്തവിധം വർധിച്ച സാഹചര്യത്തിൽ മന്ത് ഭീതി വർധിച്ചിട്ടുണ്ട്. രണ്ടു ദിവസം തുടർച്ചയായി പൊതു ഒഴിവ് വന്നതും ജീവനക്കാർ ലീവായതുമാണ് പരിശോധന ഫലം വൈകാൻ കാരണമെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. മന്ത് കേസ് ആദ്യം റിപ്പോർട്ട് ചെയ്ത കായക്കൊടി പഞ്ചായത്തിൽ ഇതുവരെ ആയിരത്തോളം പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കുറ്റ്യാടിയിൽ നടപടികൾ ഇഴയുന്നത്. കായക്കൊടിയിൽ അമ്പതോളം പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്്. ജില്ല ടീമിനെ വരുത്തിയാണ് ഇവിടെ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം കരണ്ടോടും കായക്കൊടി അങ്ങാടിയിലും പരിശോധന നടത്തി. തിങ്കളാഴ്ച തളീക്കരയിലെ നാട്ടുകാരെയും രക്തപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. മാപ്പിള കല അക്കാദമി കേന്ദ്രം ഉദ്‌ഘാടനം 11 ന്; ആഘോഷമാക്കാൻ നാദാപുരം ഒരുങ്ങി നാദാപുരം: കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ നാദാപുരത്ത് അനുവദിച്ച മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ഉദ്ഘാടനം അടുത്ത മാസം 11ന് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾക്ക് നാദാപുരം ടി.ബിയിൽ ചേർന്ന സംഘാടക സമിതി രൂപം നൽകി. ഫെബ്രുവരി എട്ടിന് കൈനാട്ടി മുതൽ നാദാപുരം വരെ പ്രചാരണ സൈക്കിൾ റാലി നടത്തും. ഒമ്പതിന് ഉച്ചക്ക് രണ്ടിന് നാദാപുരം നിയോജക മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനികൾക്ക് മൈലാഞ്ചിയിടൽ മത്സരം. ടി.ഐ.എം.ബി.എഡ് കോളജിലാണ് പരിപാടി. 10-ന് ജില്ല തല മാപ്പിളപ്പാട്ട് ആലാപന മത്സരം രാവിലെ പത്ത് മണിക്ക് നാദാപുരം ഗവ.യു.പി.സ്‌കൂളിലും അരങ്ങേറും. 11നു രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നാദാപുരം ടൗണിൽ ഘോഷയാത്രയും ഉണ്ടാകും. അവലോകന യോഗത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. മാപ്പിളകല അക്കാദമി സംസ്ഥാന സെക്രട്ടറി റസാഖ് പയ്യമ്പറോട്ട്, അംഗങ്ങളായ ഹൈദർ പുലിക്കോട്ടിൽ, ടി.എ. ജബ്ബാർ, ജില്ല പഞ്ചായത്ത് അംഗം അഹമദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, സി.വി. കുഞ്ഞികൃഷ്ണൻ, നരിക്കോൾ ഹമീദ് ഹാജി, പി.പി. ചാത്തു, കരയത്ത് ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. വി.സി. ഇക്ബാൽ സ്വാഗതവും സി.എച്ച്. മോഹനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.