കുടുംബശ്രീയുടെ 'ജീവനം' അർബുദ നിയന്ത്രണപദ്ധതി മൂന്നാംഘട്ടത്തിലേക്ക്

കുടുംബശ്രീയുടെ 'ജീവനം' അർബുദനിയന്ത്രണപദ്ധതി മൂന്നാംഘട്ടത്തിലേക്ക് കോഴിക്കോട്: കോർപറേഷൻ കുടുംബശ്രീ സി.ഡി.എസ് നടപ്പാക്കുന്ന സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിയായ ജീവനം മൂന്നാംഘട്ടത്തിലേക്ക്. എല്ലാവിധ അർബുദലക്ഷണമുള്ളവരെയും കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും അവർക്ക് ആവശ്യമുള്ള പിന്തുണ നൽകുകയും ചെയ്യാനാണ് 2010 മുതൽ ജീവനം പദ്ധതി തുടങ്ങിയത്. അടുത്ത ബജറ്റില്‍ പുതുതായി പ്രത്യേക സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിക്കുന്നതുള്‍പ്പെടെ വിപുലമായ രോഗനിയന്ത്രണ പരിപാടികളാണ് മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കുടുംബശ്രീ അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രോഗം ബാധിച്ച് ചികിത്സ തുടരുന്നവരും രോഗം മാറിയവര്‍ക്കും യോഗാ പരിശീലനം, ഇവര്‍ക്ക് പറ്റാവുന്ന സംരംഭകസാധ്യതകള്‍ ലഭ്യമാക്കുക, സ്ഥിരം ഹെല്‍പ് ഡെസ്‌ക് സംവിധാനം തുടങ്ങിയവ ഏര്‍പ്പെടുത്തും. ലോക അർബുദ ദിനമായ ഫെബ്രുവരി നാല് മുതല്‍ കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് മൂന്ന് ദിവസം നീളുന്ന ബോധവത്കരണ സെമിനാറും എക്‌സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ട് നാലിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷനുവേണ്ടി കുടുംബശ്രീയുടെ പരിശീലനഗവേഷണകേന്ദ്രമായ ഏക്‌സാത്, കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, ഐ.എം.എ, സര്‍ക്കാര്‍--സർക്കാറിതര ആശുപത്രികള്‍ എന്നിവയുമായി സഹകരിച്ചാണ് ജീവനം പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട്, ബേപ്പൂർ, എലത്തൂർ എന്നീ കേന്ദ്രങ്ങളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മെഡിക്കൽ, സ്ക്രീനിങ് ക്യാമ്പുകൾ നടക്കും. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടത്തിലായി നടത്തിയ സര്‍വേ പ്രകാരം കോര്‍പറേഷന്‍പരിധിയിലെ 47,000ത്തോളം വരുന്ന കുടുംബാംഗങ്ങളില്‍ 119 പേര്‍ അർബുദത്തിന് ചികിത്സയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ കുടുംബശ്രീ മെംബര്‍ സെക്രട്ടറി റംസി ഇസ്മാഈൽ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ എൻ. ജയശീല, ടി.കെ. ഗീത, ഒ. രജിത, മലബാര്‍ കാന്‍സർ കെയര്‍ സൊസൈറ്റി പ്രസിഡൻറ് ഡോ.കൃഷ്ണനാഥ പൈ, വിനീത എന്നിവർ പങ്കെടുത്തു. ബോക്സ് - 17 വാർഡുകളിലായി 119 പേർക്ക് അർബുദം കോഴിക്കോട്: ജീവനം മൂന്നാംഘട്ടത്തി​െൻറ ഭാഗമായി കോർപറേഷ​െൻറ കീഴിലെ 17 തീരദേശവാർഡുകളിൽ നടന്ന സർവേയിൽ 119 പേർക്ക് അർബുദമുള്ളതായി കണ്ടെത്തൽ. 10,651 കുടുംബങ്ങളിലായി 47,004 പേരെയാണ് സർവേയിലുൾപ്പെടുത്തിയത്. ഇവരിൽ 473 പേർ കിടപ്പുരോഗികളാണ്. 3163പേർ ജീവിതശൈലിരോഗങ്ങൾ ബാധിച്ചവരാണ്. 178പേർ വൃക്കരോഗികളും 361 പേർ മാനസിക വെല്ലുവിളി നേരിടുന്നവരുമാണ്. മറ്റു രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം 2371. 2480 വിധവകൾ ഈ വാർഡുകളിലുണ്ട്. 3771 കുടുംബങ്ങൾക്കാണ് സ്വന്തമായി കിണറുള്ളത്. എലത്തൂർ മുതൽ ബേപ്പൂർ വരെയുള്ള 17 വാർഡുകളിലാണ് സർവേ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.