തിരുവമ്പാടി: കൂമ്പാറ അങ്ങാടിയിൽ നാട്ടുകാർ ടിപ്പർ ലോറികൾ തടഞ്ഞു. കരിങ്കൽ ക്വാറികളിൽനിന്നുള്ള ടിപ്പർ ലോറികളുടെ നിരന്തര ഓട്ടംമൂലം ദുരിതത്തിലായ നാട്ടുകാരാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ ലോറികൾ തടഞ്ഞത്. സംഘർഷ സാധ്യതയെ തുടർന്ന് തിരുവമ്പാടി, കോടഞ്ചേരി, മുക്കം സ്റ്റേഷനുകളിൽനിന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഉച്ചവരെ 30ഓളം ടിപ്പർ ലോറികളാണ് പ്രദേശത്ത് തടഞ്ഞിട്ടത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് പഞ്ചായത്ത് ഓഫിസിൽ വിളിച്ച യോഗത്തിലാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാര നിർദേശമുണ്ടായത്. നാട്ടുകാരും ടിപ്പർ ലോറി ഉടമകളും ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ലോറികൾ ഓടാൻ നാട്ടുകാർ അനുവദിക്കുകയായിരുന്നു. 15 ദിവസത്തിനുള്ളിൽ ടിപ്പർ ലോറികളുടെ സഞ്ചാരം ബദാം ചുവട് റോഡ് വഴി തിരിച്ചുവിടുമെന്ന് അധികൃതർ യോഗത്തിൽ നാട്ടുകാർക്ക് ഉറപ്പുനൽകി. ടിപ്പർ ലോറികളിലെ ലോഡ് നിയന്ത്രിക്കാനും ധാരണയായി. കൂമ്പാറയിലും പരിസരങ്ങളിലുമായി 12ഓളം കരിങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ക്വാറികളിൽ പലതും അനധികൃതമാണെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.