കോഴിക്കോട്: നാടിളക്കിയ പ്രചാരണങ്ങളുടെ ആവേശമത്രയും പ്രതിഫലിച്ച വോട്ടെടുപ്പിൽ ജില്ലയിൽ 77.24 ശതമാനം പോളിങ്. ആകെയുള്ള 26,82,682 വോട്ടര്‍മാരിൽ 20,72,137 പേർ ജനാധിപത്യത്തിന്റെ ആഘോഷത്തിൽ പങ്കാളികളായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 79.23 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിങ് ബൂത്തുകളിലെത്തിയവരുടെ ശതമാനത്തിലും എണ്ണത്തിലും കൂടുതലും സ്ത്രീ വോട്ടർമാരാണ് . 14,16,275 സ്ത്രീ വോട്ടർമാരിൽ 1120065 പേരാണ് വോട്ടുചെയ്തത് - 79.09 ശതമാനം. 12,66,375 പുരുഷ വോട്ടർമാരിൽ 952063 പേരും (75.18 ശതമാനം) 32 ട്രാന്സ്ജന്ഡര് വോട്ടർമാരിൽ ഒമ്പതു പേരും (28.12 ശതമാനം) വോട്ടവകാശം വിനിയോഗിച്ചു.
കോഴിക്കോട് കോർപറേഷനിൽ 69.55 ശതമാനമാണ് പോളിങ്. 475739 പേരിൽ 330891 പേരാണ് വോട്ട് ചെയ്തത്. 224161 പുരുഷന്മാരിൽ 157974(70.47 ശതമാനം) പേരും 251571 സ്ത്രീകളിൽ 172915 (68.73 ശതമാനം) പേരും ഏഴ് ട്രാൻസ്ജെൻഡേഴ്സിൽ രണ്ടു പേരും (28.57 ശതമാനം) വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70.49 ശതമാനമായിരുന്നു പോളിങ്.
മുനിസിപ്പാലിറ്റികളിൽ കുടുതൽ പോളിങ് രേഖപ്പെടുത്തിയത് രാമനാട്ടുകരയിലും (81.39 ശതമാനം) കുറവ് പയ്യോളിയിലുമാണ് (76.53 ശതമാനം). ബ്ലോക്ക് പഞ്ചായത്തുകളിൽ പേരാമ്പ്രയിലാണ് ഉയർന്ന പോളിങ് -81.46 ശതമാനം. തൂണേരി ബ്ലോക്കിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത് -76.35 ശതമാനം. ഗ്രാമപഞ്ചായത്തുകളിലും ആവേശകരമായിരുന്നു പോളിങ്. ജില്ലയില്‍ വിവിധ തലങ്ങളിലേക്കായി 3,002 പുരുഷന്മാരും 3,326 സ്ത്രീകളും ഉള്‍പ്പെടെ 6,328 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
ജില്ല പഞ്ചായത്തിലേക്ക് 111, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 604, ഗ്രാമപഞ്ചായത്തുകളിലേക്ക് 4424, കോര്‍പറേഷനിലേക്ക് 326, നഗരസഭകളിലേക്ക് 863 എന്നിങ്ങനെയാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍. ഫ്രഷ് കട്ട് വിരുദ്ധ സമരത്തിനു പിന്നാലെ പൊലീസ് നടപടി തുടങ്ങിയതോടെ ഒളിവിൽപോയ കരിങ്ങമണ്ണ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി തെരഞ്ഞെടുപ്പുനാളിലും വോട്ടർമാർക്ക് മുന്നിലെത്തിയില്ല. ഇവിടെ സമരത്തിൽ പങ്കെടുത്ത നിരവധി പ്രവർത്തകരും വോട്ടു ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.