ദാഹജലം ലഭിക്കാൻ മരണംവരെ ഉപവസിക്കുമെന്ന് ജല സമരസമിതി പയ്യോളി: 10 മാസത്തിലധികമായി തീരദേശ നിവാസികൾ ശുദ്ധജലത്തിനായി നടത്തിവരുന്ന സമരം ശക്തിപ്രാപിക്കുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് വരുന്ന തീരദേശക്കാർ തെരുവിലിറങ്ങി നടത്തുന്ന സമരം വരുംനാളുകളിൽ പുതിയ ഘട്ടത്തിലേക്ക് നീങ്ങും. പൊരിവെയിലത്ത് കൈക്കുഞ്ഞുങ്ങളേയുമേന്തി സ്ത്രീകളും പ്രായം വകവെക്കാതെ വൃദ്ധന്മാരും ഉൾപ്പെടെ തീരദേശവാസികൾ മഞ്ഞവെള്ളം കുപ്പിയിലാക്കിയും മഞ്ഞപിടിച്ച ഉടുവസ്ത്രങ്ങൾ പ്രദർശിപ്പിച്ചും നടത്തിയ സമരമുറകൾക്കു മുന്നിൽ അധികാരികൾ കണ്ണുതുറക്കാത്തതിനെ തുടർന്ന് സമരരീതി മാറ്റാൻ കഴിഞ്ഞദിവസം ടൗണിൽ ചേർന്ന ജല സമരസമിതി പൊതുയോഗം തീരുമാനിച്ചു. റിപബ്ലിക് ദിനമായ ജനുവരി 26ന് രാവിലെ മുതൽ സമരസമിതി ചെയർമാൻ എം. സമദ് മരണംവരെ ഉപവസിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. പൊതുയോഗം പ്രമുഖ ഗാന്ധിയൻ തായാട്ട് ബാലൻ ഉദ്ഘാടനം ചെയ്തു. ശ്രീകല ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എം. സമദ് മുഖ്യപ്രഭാഷണം നടത്തി. കളത്തിൽ കാസിം, മരച്ചാലിൽ ബാലകൃഷ്ണൻ, കാഞ്ഞിരോളി നിസാർ, വലിയപുരയിൽ ഗോപിനാഥൻ, നടുവിലേരി നൂറുദ്ദീൻ, അംബിക ഗിരിവാസൻ, നിഷിദ് മരച്ചാലിൽ, ഗീത പ്രകാശൻ എന്നിവർ സംസാരിച്ചു. ജനുവരി ആദ്യവാരത്തിൽ ജലസമരസമിതി നടത്തിയ നഗരസഭ മാർച്ചിനെ തുടർന്ന് എം.എൽ.എയുടെ സാന്നിധ്യത്തിൽ ജനുവരി ഏഴിന് നഗരസഭ ഹാളിൽ ഒത്തുതീർപ്പ് യോഗം വിളിച്ചെങ്കിലും ബഹളത്തെ തുടർന്ന് തീരുമാനമെടുക്കാനാകാതെ പിരിയുകയായിരുന്നു. ഒത്തുതീർപ്പ് യോഗത്തിൽ തീരദേശത്തെ ശുദ്ധജലത്തിനായി ഒരു കോടി രൂപ അനുവദിക്കുമെന്ന് കെ. ദാസൻ എം.എൽ.എ പ്രഖ്യാപിച്ചിട്ടുണ്ട്. എം.എൽ.എയുടെ പ്രഖ്യാപനം സംബന്ധിച്ച് നഗരസഭയുടെ നിലപാട് വിശദീകരിക്കാനോ മറ്റോ കഴിയാതെയാണ് യോഗം പിരിഞ്ഞത്. തീരദേശവാസികൾക്ക് ശുദ്ധജലം ലഭിക്കാൻ എം.എൽ.എ എടുക്കുന്ന അനുകൂല നിലപാടിൽ ഏറെ സന്തോഷമുണ്ടെന്നും എന്നാൽ, പ്രഖ്യാപിച്ച പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഏറെ സമയമെടുക്കുമെന്നും അടിയന്തരമായി കിയോസ്കുകൾ സ്ഥാപിച്ച് ദാഹജലം എത്തിക്കണമെന്നുമാണ് ജല സമരസമിതിയുടെ ആവശ്യം. എന്നാൽ, സമരസമിതിയുടെ ആവശ്യം അംഗീകരിക്കാൻ സാേങ്കതികമായി തടസ്സമുെണ്ടന്നാണ് നഗരസഭയുെട വിശദീകരണം. ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് മരണംവരെ ഉപവാസവും റിലേ സത്യഗ്രഹവും നടത്താൻ സമരസമിതി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.