കുറ്റ്യാടി: നടോൽ മുത്തപ്പൻ ക്ഷേത്രത്തിലെ തിറയുത്സവത്തിെൻറ ഭാഗമായി കൊല്ലൻ വരവ് നടത്തി. നൂറ്റാണ്ടിലേറെയായി നടന്നുവരുന്ന കൊല്ലൻ വരവ്, കള്ളാട് ശശിയുടെ വീട്ടിൽനിന്നാണ് ഇത്തവണ ആരംഭിച്ചത്. കുറ്റ്യാടി ടൗണിലൂടെ നടോൽ മുത്തപ്പൻ ക്ഷേത്രത്തിൽ സമാപിച്ചു. ക്ഷേത്രത്തിലെ ചില കർമങ്ങൾക്കായി വാളും കൊല്ലനെയും ആനയിച്ച് കൊണ്ടുവരുന്നതാണ് ചടങ്ങ്. കൊല്ലനൊപ്പം വാളേന്തി മൂന്നൂറ്റനും മലയനും ഘോഷയാത്രയിൽ ഉണ്ടാവും. വാളിനു പുറമെ ഒറോപ്പ കൈതകൊണ്ട് ഉണ്ടാക്കിയ തോട്ടിയും ഏന്തും. മതസൗഹാർദത്തിെൻറ പ്രതീകം കൂടിയായിരുന്നു കൊല്ലൻ വരവ്. ആദ്യകാലത്ത് എഴുന്നള്ളിക്കാൻ ആനയെ കൊടുത്തിരുന്നത് മുസ്ലിം തറവാടുകളായ കളത്തിൽനിന്നും തേക്കുള്ളതിൽനിന്നും ആയിരുന്നെത്ര. ആദ്യകാലത്ത് അടുക്കത്ത് കേളുവിെൻറ വീട്ടിൽ പോയാണ് വാൾ സ്വീകരിച്ചിരുന്നത്. കൂടാതെ, കള്ളാട് പൂളക്കണ്ടി വീട്ടിൽനിന്നും വാൾ സ്വീകരിച്ച് വരവു തുടങ്ങിയിരുന്നതായും പറയുന്നു. അതിനായി വള്ളിൽ താഴെ വയലിലൂടെയാണ് ആനയെ എഴുന്നള്ളിച്ചിരുന്നതെന്ന് പഴമക്കാർ ഇന്നും ഒാർക്കുന്നുണ്ട്. ആനക്കും ആളുകൾക്കും പോകുന്നതിന് തടസ്സവാതിരിക്കാൻ മുസ്ലിം കുടുംബമായ വള്ളിൽ തറവാട്ടുകാർ വയലിൽനിന്ന് വഴിക്ക് വേണ്ടി നെല്ല് വിളയുംമുമ്പെ കൊയ്തു കൊടുക്കാറുണ്ടായിരുന്നുവെന്ന് കുടുംബാംഗമായ വി. അബ്ദുല്ല മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ കൊല്ലംവരെ ആനയെയും എഴുന്നള്ളിച്ചിരുന്നു. എന്നാൽ, ഇത്തവണ ആനയെ ഒഴവാക്കിയാണ് വരവ് നടത്തിയത്. ആറ്, ഏഴ് തീയതികളിൽ നടക്കുന്ന തിറ വിവിധ തെയ്യങ്ങളോടെയാണ് സമാപിച്ചിരുന്നത്. ആദ്യകാലത്ത് പൂവെടികളും അമ്പലത്തിനടത്തു പുഴയിൽ പുലിക്കളി, കുരങ്ങു കളി എന്നവ നടന്നിരുന്നു. ഇതുകാണാൻ ജാതിമത ഭേദമന്യേ പുഴയുടെ ഇരുകരകളിലും നിരവധി ആളുകൾ എത്തിയിരുന്നുവെത്ര. കുറ്റ്യാടി ടൗണിൽ കന്നുകാലി ചന്തയും വിവിധ വിനോദ പ്രദർശനങ്ങളും ആരംഭിച്ചതോടെ ഇത്തരം കളികൾ നിലച്ചത്. ചന്ത ഞായറാഴ്ച സമാപിക്കും. കാവിലുമ്പാറ ഹൈസ്കൂളിന് 12 കോടിയുടെ വികസന പദ്ധതി *വികസന നിധി സമാഹരണം ഒമ്പതിന് കുറ്റ്യാടി: കാവിലുമ്പാറ ഗവ. ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ 12 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്ന് മുതൽ 10വരെ ക്ലാസുകൾ പൂർണ സജ്ജീകരണത്തോടെ മൾട്ടിമിഡിയ സംവിധാനത്തിലാക്കും. ലൈബ്രറി, ലാബ്, കളിസ്ഥലം, ജൈവവൈവിധ്യ പാർക്ക് എന്നിവ സ്ഥാപിക്കും. യു.പിയായിരുന്ന സ്കൂൾ 2013 ലാണ് ഹൈസ്കൂളാക്കിയത്. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ മൂന്നുകോടി, ഇ.കെ. വിജയൻ എം.എൽ.എയുടെ ഫണ്ടിൽ ഒരുകോടി, കെ.കെ. രാഘേഷ് എം.പിയുടെ ഫണ്ടിൽ 75 ലക്ഷം, ആർ.എം.എസ്.എ, കോഴിക്കോട് ജില്ല പഞ്ചായത്ത് എന്നിവ ഒരുകോടി എന്നിവയും അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബാക്കിതുക ജനകീയമായും സമാഹരിക്കും. ഫണ്ട് സമാഹരണം ഒമ്പതിന് രാവിലെ 11മുതൽ നടക്കും. വാർത്തസമ്മേളനത്തിൽ പ്രധാനധ്യാപകൻ പി.സി. മോഹനൻ, എസ്.എം.സി ചെയർമാൻ എ.എം. റഷീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.