അഴിയൂർ ബൈപാസ്​: വിപണി വില ഉറപ്പാക്കണമെന്ന് താലൂക്ക് വികസന സമിതി

വടകര: തലശ്ശേരി-മാഹി ബൈപാസിലെ അഴിയൂർ ഭാഗത്തെ ഭൂവുടമകൾക്ക് വിപണി വിലയും പുനരധിവാസവും ഉറപ്പാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. അഴിയൂർ മുതൽ കക്കടവ് വരെ രണ്ടര കി.മീറ്റർ ദൂരപരിധിയിൽ ബൈപാസിനായി നഷ്ടം നേരിടുന്നവർക്ക് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്ന് യോഗത്തിൽ പരാതി ഉയർന്നു. റവന്യൂ വകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. വില നിർണയം നടത്തിയത് സുതാര്യമല്ലെന്ന ആരോപണവും യോഗത്തിൽ ചർച്ചയായി. പുതുച്ചേരി സംസ്ഥാനത്തി​െൻറ ഭാഗമായിട്ടുള്ള മാഹിയിൽ നഷ്ടം നേരിട്ടവർക്ക് നൽകിയ മാതൃകയിൽ നാലുലക്ഷം രൂപ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും പ്രഖ്യാപിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. വിപണി വില നൽകാതെ സ്ഥലം പദ്ധതിക്കായി വിട്ടുനൽകില്ലെന്ന് കർമസമിതി ബൈപാസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഈ കാര്യങ്ങൾ നിയമസഭയിലും മുഖ്യമന്ത്രിയെയും ധരിപ്പിക്കുമെന്ന് സി.കെ. നാണു എം.എൽ.എ യോഗത്തിൽ വ്യക്തമാക്കി. പെരുമണ്ടശ്ശേരി-മുള്ളൻമുക്ക്-ആയഞ്ചേരി ജനകീയ ജീപ്പ് സർവിസ് ആരംഭിക്കുന്നതിലെ തടസ്സം നീക്കാൻ ബന്ധപ്പെട്ടവരുടെ യോഗം ചേരാൻ തീരുമാനിച്ചു. കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ റോഡിൽ ബസ് സ്റ്റോപ് പുതുതായി അനുവദിക്കുന്ന കാര്യം പരിശോധിക്കാൻ ആർ.ടി.ഒയെ ചമുതലപ്പെടുത്തി. കുഞ്ഞിപ്പള്ളി-കുന്നുമ്മക്കര പി.ഡബ്ല്യു.ഡി റോഡിലെ അറ്റകുറ്റപ്പണി നടത്താൻ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു. പുതുതായി പണി നടന്ന ദേശീയപാതയിലെ റോഡിന് ഇരുവശത്തെയും താഴ്ചകളുള്ള സ്ഥലത്ത് മണ്ണിടൽ പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരുന്നതായി അധികൃതർ യോഗത്തെ അറിയിച്ചു. സി.കെ. നാണു എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.ടി. അയ്യൂബ് (അഴിയൂർ), എം.കെ. ഭാസ്കരൻ (ഏറാമല), ജില്ല പഞ്ചായത്തംഗങ്ങളായ എ.ടി. ശ്രീധരൻ, ടി.കെ. രാജൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, തഹസിൽദാർ ടി.കെ. സതീശ്, സമിതിയംഗങ്ങളായ പ്രദീപ് ചോമ്പാല, പി.എം. അശോകൻ, ആവോലം രാധാകൃഷ്ണൻ, ടി.പി. ബാലകൃഷ്ണൻ, സി.കെ. കരീം, കളത്തിൽ ബാബു, ഇ.എം. ബാലകൃഷ്ണൻ, പി.കെ. ഹബീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.