മുഴുവൻ നഗരങ്ങളിലും കെട്ടിടനിർമാണ അപേക്ഷ ഒരു കൊല്ലത്തിനകം ഒാൺലൈനാക്കും -മന്ത്രി ജലീൽ മുഴുവൻ നഗരങ്ങളിലും കെട്ടിടനിർമാണ അപേക്ഷകൾ ഒാൺലൈനാക്കും -മന്ത്രി ജലീൽ കോഴിക്കോട്: ലോകത്തിെൻറ ഏത് ഭാഗത്തുനിന്നും കെട്ടിടനിർമാണ അപേക്ഷ ഒാൺലൈനിൽ നൽകി അഴിമതിരഹിതവും സുതാര്യവുമാക്കാനുതകുന്ന ഇൻറലിജൻറ് സോഫ്റ്റ്വെയർ സംവിധാനം കേരളത്തിൽ മുഴുവൻ നഗരങ്ങളിലും ഒരു കൊല്ലത്തിനകം നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ. സോഫ്റ്റ്വെയർ ട്രയൽറൺ കോഴിക്കോട് നഗരസഭയിൽ ആരംഭിച്ചു. മാർച്ചിൽ സംസ്ഥാനത്ത് ആദ്യമായി സംവിധാനം ഒൗദ്യോഗികമായി തുടക്കം കുറിക്കുമെന്നും രണ്ട് കൊല്ലത്തിനകം സംസ്ഥാനത്ത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നഗരത്തിെൻറ പാർക്കിങ് നയരേഖ മേയർ തോട്ടത്തിൽ രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പാർക്കിങ് നയരേഖ തയാറായ ആദ്യ നഗരമാണ് കോഴിക്കോട്. ഉദ്യോഗസ്ഥരെ ചെന്ന് കാണാതെ ബിൽഡിങ് പെർമിറ്റ് ലഭ്യമാക്കാനുള്ള പദ്ധതി, അഴിമതിയിൽ മുങ്ങിക്കുളിച്ച മേഖലയെ അതിൽനിന്ന് മുക്തമാക്കാനുള്ള തീവ്രയജ്ഞത്തിെൻറ ഭാഗമാണ്. കെട്ടിടനിർമാണ അപേക്ഷകൾ തിരുവനന്തപുരം ചീഫ് ടൗൺ പ്ലാൻ ഒാഫിസിലെത്താതെ അതത് ജില്ല ഒാഫിസുകളിൽതന്നെ തീർപ്പാക്കുക വഴി തലസ്ഥാനത്തെ ഒാഫിസിന് തിരക്കില്ലാതെ അവരുടെ യഥാർഥ കർത്തവ്യം നിർവഹിക്കാനാവും. കാലോചിതമായി കെട്ടിടനിർമാണച്ചട്ടം പരിഷ്കരിക്കുന്നതിെൻറ അവസാന ഘട്ടത്തിലാണ് കേരളം. പാർക്കിങ് പോളിസികൾ കേരളത്തിലെ നഗരങ്ങളിൽ നടപ്പാക്കാൻ സമയബന്ധിതമായി സർക്കാർ ഇടപെടും -മന്ത്രി ജലീൽ പറഞ്ഞു. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി ചെയർമാന്മാരായ എം.സി. അനിൽകുമാർ, എം. രാധാകൃഷ്ൺ, ടി.വി. ലളിതപ്രഭ, ട്രാഫിക് നോർത്ത് എ.സി.പി പി.കെ. രാജു, ജോയിൻറ് ആർ.ടി.ഒ സരള, മുഖ്യനഗരാസൂത്രകൻ കെ. രമണൻ, റീജനൽ ടൗൺ പ്ലാനർ കെ.വി. അബ്ദുൽ മാലിക്, ഡെപ്യൂട്ടി ടൗൺ പ്ലാനർ ഡോ. ആതിര രവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.