ബേപ്പൂർ: കാലപ്പഴക്കം ചെന്ന ബോട്ടുകളുമായി കടലിൽ സർവേ നടത്താൻ സർക്കാർ നീക്കം. ബേപ്പൂർ പോർട്ടിന് കീഴിലുള്ള ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗമാണ് രജിസ്ട്രേഷനും ഇൻഷുറൻസ് രേഖകളും ഇല്ലാത്ത ബോട്ടുകളുമായി കടലിൽ സർവേക്ക് പുറപ്പെടുന്നത്. ജനുവരി എട്ടിന് 13 ജീവനക്കാരെയും കൊണ്ടാണ് പുതിയാപ്പ കടലിൽ സർേവക്കിറങ്ങുന്നത്. കടൽ ആഴങ്ങൾ പരിശോധിക്കുകയും മണൽത്തിട്ടകൾ ഉള്ള ഭാഗങ്ങൾ അടയാളപ്പെടുത്തി തുറമുഖവകുപ്പിന് റിപ്പോർട്ട് തയാറാക്കി കൈമാറുകയും ചെയ്യുന്ന ജോലിയാണ് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം നടത്തുന്നത്. ഈ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കപ്പൽ, ഉരു തുടങ്ങിയ ജലയാനങ്ങൾക്ക് തുറമുഖത്തേക്ക് അടുക്കാനുള്ള ദിശ നിശ്ചയിക്കുന്നത്. പിന്നീട് തുടർനടപടിയായാണ് മണ്ണുമാന്തിക്കപ്പൽ ഉപയോഗിച്ച് (ഡ്രെഡ്ജിങ് )മണ്ണെടുക്കുക. എം.വി സർവേയർ, എം.എൽ ഹൈഡ്രോഗ്രാഫർ എന്നീ രണ്ട് ബോട്ടുകളാണ് കടലിൽ സർേവ ചെയ്യുന്നത്. ഇതിെൻറ കൂടെ നിരീക്ഷണത്തിനായി ഒരു ചെറിയ ബോട്ടും കൂടാതെ പമ്പ, ചാലിയാർ എന്നീ രണ്ട് ചെറുതോണികളും അനുഗമിക്കും. രജിസ്ട്രേഷനും ഇൻഷുറൻസ് പരിരക്ഷയും ഇല്ലാത്ത ഇത്തരം ബോട്ടുകൾ ഉപയോഗിച്ച് കടലിൽ സർവേ നടത്താൻ ചീഫ് ഹൈഡ്രോഗ്രാഫർ തിരുവനന്തപുരം സർവേ വിഭാഗം നിർദേശം നൽകിയിരിക്കുകയാണ്. മറൈൻ സർവേയർ കടലിൽ സർേവ നടത്താൻ ജീവനക്കാർക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. പൊന്നാനി മുതൽ മാഹി വരെയാണ് ബേപ്പൂർ മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗത്തിെൻറ സർേവ സ്ഥലം നിർണയിച്ചിരിക്കുന്നത്. മുമ്പ് പൊന്നാനി തൊട്ട് കാസർകോട് വരെ സർവേ നടത്താനായിരുന്നു ബേപ്പൂർ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന് നിർദേശം. എന്നാൽ, കഴിഞ്ഞമാസം കണ്ണൂർ അഴീക്കൽ പുതുതായി ഒരു സർവേ വിഭാഗം കൂടി ഉദ്ഘാടനം ചെയ്തതോടെയാണ് ബേപ്പൂരിെൻറ പരിധി മാഹി വരെയാക്കി ചുരുക്കിയത്. ബോട്ടുകൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിലവിലില്ലെന്നതിനാൽ സർേവ ജീവനക്കാർ ആശങ്കയിലാണ്. എല്ലാവർഷവും പുതുക്കി നൽകേണ്ട രജിസ്ട്രേഷനും ഇൻഷുറൻസും ലഭിക്കാൻ മറൈൻ സർവേയർ തുറമുഖ ഓഫിസർക്ക് റിപ്പോർട്ട് കൈമാറണം. അദ്ദേഹത്തിെൻറ പരിശോധനപ്രകാരമാണ് ലൈസൻസിനും ഇൻഷുറൻസിനും അനുവാദം നൽകുന്നത്. എന്നാൽ, വർഷങ്ങളായി ഇത് നടക്കാറില്ല. കാലപ്പഴക്കം ചെന്ന ബോട്ട് ആയതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ബോട്ടിെൻറ എല്ലാ ഭാഗങ്ങളും പ്രവർത്തനക്ഷമമാകുകയും നിബന്ധനകൾക്ക് വിധേയമാക്കുകയും ചെയ്താൽ മാത്രമേ ഇൻഷുറൻസ് വിഭാഗത്തിലേക്കും രജിസ്ട്രേഷൻ അതോറിറ്റിയിലേക്കും ശിപാർശ ചെയ്യാൻ സാധിക്കൂ. ഇൻഷുറൻസോ ലൈസൻസോ ഇല്ലാത്തതിെൻറ പേരിൽ തുറമുഖവിഭാഗങ്ങൾ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ പിടികൂടുന്നതിനിടെയാണ് ആവശ്യമായ രേഖകളില്ലാത്ത യാനങ്ങൾ സർക്കാർക്കാർ തന്നെ കടലിൽ സർവേക്ക് ഉപയോഗിക്കുന്നത്. വനിത ഒാഫിസർമാർ അടക്കമുള്ളവർ സർവേ സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.