പ്രതീക്ഷയായി പാർക്കിങ്​ പോളിസി നയരേഖ പ്രകാശനം

കോഴിക്കോട്: സംസ്ഥാനത്ത് സ്വന്തമായി പാര്‍ക്കിങ് പോളിസിയുള്ള ആദ്യ നഗരമായി മാറിയ സാഹചര്യത്തിൽ ഏറെക്കാലമായി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരം പ്രതീക്ഷയിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വിശദ നിര്‍ദേശങ്ങളാണ് മന്ത്രി കെ.ടി. ജലീൽ ശനിയാഴ്ച മേയർക്ക് കൈമാറി പ്രകാശനം ചെയ്ത പാർക്കിങ് നയരേഖയിലുള്ളത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും നഗരത്തിൽ ഏവിടെനിന്നും അധികം നടക്കാതെ ബസുകൾ ലഭിക്കാൻ നടപടിയെടുക്കാനും നിർദേശമുണ്ട്. പാര്‍ക്കിങ് പ്ലാസകള്‍ സ്ഥാപിക്കുന്നതിനും ഉപയോഗരഹിതമായ സ്ഥലങ്ങള്‍ പാര്‍ക്കിങ്ങിനായി വിനിയോഗിക്കാനും അത്തരം സ്ഥലം നൽകുന്ന ഉടമകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും രേഖ നിർദേശിക്കുന്നു. പാർക്കിങ് സ്ഥലം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ കർശന നടപടി വരും. ഇരുചക്രവാഹന പാർക്കിങ്ങിൽ 15 ശതമാനം സൈക്കിളുകൾക്ക് മാറ്റിെവക്കണം. മൊഫ്യൂസിൽ ബസ്സ്റ്റാൻഡിനു മുകളിൽ ബഹുനിര പാർക്കിങ് പ്ലാസക്കും നിർദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനം പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകത്തുതന്നെ സൗകര്യമൊരുക്കണമെന്നും നയരേഖ നിർദേശിക്കുന്നു. ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയുടെ പാര്‍ക്കിങ് സൗകര്യങ്ങളുടെ വിപുലീകരിക്കണം. കാല്‍നടക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുക, സുരക്ഷിതമായ ഫുട്പാത്തുകളും വാഹനരഹിത ഇടങ്ങളും നയരേഖ വിഭാവനം ചെയ്യുന്നു. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്കായുള്ള സൗകര്യങ്ങള്‍ നടവഴികളിലും അനുബന്ധ സ്ഥലങ്ങളിലും ഉറപ്പുവരുത്തുന്നതിനും അവര്‍ക്കായി പ്രത്യേകം പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും നിര്‍ദേശമുണ്ട്. നഗരത്തില്‍ പാര്‍ക്കിങ്ങിനായി ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ സ്ഥലം കണ്ടെത്തി പാര്‍ക്കിങ്ങിനായി ലഭ്യമാക്കല്‍ നഗരസഭയുടെ ചുമതലയാണ്. ഇതില്‍നിന്നുള്ള വരുമാനം സ്ഥലം ഉടമക്കു ലഭിക്കുന്ന തരത്തിലായിരിക്കും കരാറുണ്ടാക്കുക. കോര്‍പറേഷന്‍ തിരഞ്ഞെടുക്കുന്ന പ്രധാന റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കാം. മൊബൈൽ ആപ് വഴി പാർക്കിങിന് ഒഴിവുള്ള സ്ഥലം അറിയിക്കാനാവും. വ്യാപാരികളുടെ സംഘടനയുടെ നേതൃത്വത്തില്‍ വേണം ഇത്തരം സൗകര്യങ്ങളൊരുക്കാന്‍. വരുമാനത്തില്‍ പകുതി വ്യാപാരി സംഘടനക്കും ബാക്കി റോഡ് പരിപാലനത്തിനും ലഭ്യമാക്കാം. ജനവാസ മേഖലകളില്‍ റോഡിലെ പാര്‍ക്കിങ് നിരോധിക്കണം. എന്നാല്‍, പ്രദേശവാസികളുടെ അഭിപ്രായമനുസരിച്ച് ഇത്തരം മേഖലകളിലെ ക്രോസ്റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കാം. 12 മീറ്ററിനു മുകളില്‍ വീതിയുള്ള റോഡുകളിലാണ് പാര്‍ക്കിങ് നിര്‍ദേശിക്കുന്നത്. ബസുകള്‍, ട്രക്കുകള്‍, വാനുകള്‍, ടാങ്കറുകള്‍ എന്നിവ രാത്രിസമയം റോഡില്‍ നിര്‍ത്തിയിടുന്നത് തടയണം. ഇത്തരത്തില്‍ ദീര്‍ഘസമയ പാര്‍ക്കിങ്ങിനായി വാഹന ഉടമകള്‍ റോഡിനു പുറത്തുള്ള സൗകര്യങ്ങള്‍ കണ്ടെത്തണം. ഓരോ വാഹനത്തിനും പാര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തണം. നഗരത്തില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതികള്‍ വേണമെന്ന നിർദേശവുമുണ്ട്. ബീച്ച്, മാനാഞ്ചിറ, റെയില്‍വേ സ്റ്റേഷന്‍, മൊഫ്യൂസില്‍ ബസ്സ്റ്റാൻഡ്, മെഡിക്കല്‍ കോളജ് എന്നിങ്ങനെ 20 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റീജനല്‍ ടൗണ്‍ പ്ലാനിങ് ഓഫിസ് നടത്തിയ പഠനത്തി​െൻറ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളാണ് നിര്‍ദേശങ്ങളിലേറെയും. നടപടി സ്വീകരിക്കല്‍ നഗരസഭയുടെ ചുമതലയാണ്. പാർക്കിങ് പ്ലാസകൾ നിർമിക്കാൻ നിർദേശിക്കുന്ന സ്ഥലങ്ങളിൽ ചിലത്: പാളയം സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ് മാനാഞ്ചിറ ഡി.ഡി.ഇ ഒാഫിസ് പരിസരം മൊഫ്യൂസിൽ സ്റ്റാൻഡ് സരോവരം പാർക്ക് ബേപ്പൂർ പോർട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.