മലയിൽ ലക്ഷംവീട്കോളനി റോഡ് പ്രശ്നം; സി.പി.ഐ-സി.പി.എം പോസ്റ്റർ പോര് കൊഴുക്കുന്നു നാദാപുരം: മലയിൽ ലക്ഷംവീട്കോളനി റോഡ് പ്രശ്നത്തിൽ സി.പി.എം-സി.പി.ഐ പോര് രൂക്ഷമായി. കഴിഞ്ഞദിവസം സി.പി.ഐ ലോക്കൽ സെക്രട്ടറി പി. ചാത്തുവിനെതിരെ സി.പി.എം കല്ലാച്ചി അങ്ങാടിയിൽ പോസ്റ്റർ പതിച്ചതിനുപിന്നാലെ ഇരുവിഭാഗവും കൂടുതൽ കൂടുതൽ പോസ്റ്ററുകളുമായി രംഗത്തുവന്നു. ഇതോടെ തുറന്നപോരിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്. സി.പി.എമ്മിനെ അതിരൂക്ഷമായി വിമർശിച്ചാണ് സി.പി.എം കഴിഞ്ഞദിവസം ഇറക്കിയ പോസ്റ്ററിന് സി.പി.ഐ മറുപടി പോസ്റ്റർ ഇറക്കിയത്. സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ നടത്തിയ ൈകയേറ്റത്തിനും സി.സി.ടി.വി തകർത്തതിനും ഭൂമികൈയേറിയതിനും പിന്നിലെ സി.പി.എമ്മുകാർക്കെതിരെ നടപടി സ്വീകരിക്കുക, തങ്ങളുടെ ലോക്കൽ സെക്രട്ടറിക്കെതിരെ നടത്തുന്ന അപവാദപ്രചാരണം നിർത്തുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്. ഇതിനെതിരെ സി.പി.എമ്മും പോസ്റ്ററിറക്കി. മലയിൽ ലക്ഷംവീട്കോളനിയിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്കുപകരിക്കുന്ന റോഡ് പാതിവഴിയിൽ ഇല്ലാതാക്കിയതിനു പിന്നിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി പി. ചാത്തുവിെൻറ ധാർഷ് ട്യമാണെന്ന് സി.പി.എം പോസ്റ്ററിൽ പറയുന്നു. ഇരുപാർട്ടികളും നടത്തുന്ന പരസ്യപോരിന് തടയിടാൻ ഉത്തരവാദപ്പെട്ട നേതാക്കളാരും രംഗത്തിറങ്ങിയിട്ടില്ല. വർഷങ്ങളായി തുടരുന്ന പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥചർച്ച നടക്കുന്നതിനിടയിലാണ് പരസ്യവിമർശനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.