സുൽത്താൻ ബത്തേരി: രാത്രിയാത്ര നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിയിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാവുമെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഫ്രീഡം ടു മൂവ് നേതാക്കൾ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലഭ്യമാവുന്ന അഭിഭാഷകൻ ആരാണെന്ന് അറിയിക്കാം. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്കുശേഷം കർണാടകയുമായി 10ന് മുമ്പ് ചർച്ചക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി വനം വകുപ്പിെൻറ ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ നിർദേശിച്ചിട്ടുണ്ട്. കേസിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗതാഗത വകുപ്പ് സെക്രട്ടറി ടി. ജ്യോതിലാലിെൻറ നേതൃത്വത്തിൽ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. രാത്രിയാത്ര നിരോധനം സംബന്ധിച്ച് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ സംസ്ഥാനത്തിെൻറ ഭാഗം ശക്തമായി അവതരിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. ബന്ധപ്പെട്ട അഭിഭാഷകനുമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. രാത്രിയാത്ര നിരോധനം നീക്കണം എന്ന വിഷയത്തിൽ ശക്തമായ നിലപാടുതന്നെയാണ് ഇടതു സർക്കാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫ്രീഡം ടു മൂവ് കോഒാഡിനേറ്റർ ടിജി ചെറുതോട്ടിൽ, വൈസ് ചെയർമാൻ കെ.എൻ. സജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തരിയോട് ഗവ. ഹയർ സെക്കൻഡറി വജ്രജൂബിലി സമാപനം നാളെ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും കൽപറ്റ: തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം വെള്ളിയാഴ്ച മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 1925ൽ കാവുംമന്ദം കണാഞ്ചേരിയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിെൻറ കീഴിലാരംഭിച്ച എൽ.പി സ്കൂൾ 1957ൽ ഹൈസ്കൂളായി ഉയർത്തി. 1990ൽ ജില്ലയിലെ ആദ്യത്തെ ഹയർ സെക്കൻഡറി സ്കൂൾ ഇവിടെയാണ് ആരംഭിച്ചത്. അഞ്ചു മുതൽ 12വരെ ക്ലാസുകളിലായി 900 കുട്ടികൾ പഠിക്കുന്നു. 50 ശതമാനം പട്ടികവർഗ വിദ്യാർഥികളാണ്. പരിമിതമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളതെങ്കിലും പാഠ്യ, പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനമാണ് സ്കൂളിലുള്ളത്. വജ്രജൂബിലിയുടെ ഭാഗമായി ജില്ലതല ക്വിസ്, സെമിനാർ, കലാ-കായിക മത്സരം, പൂർവവിദ്യാർഥി-അധ്യാപക സംഗമം തുടങ്ങിയവ നടന്നു. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് വി. മുസ്തഫ, കെ.എൻ. ജ്യോതിബായ്, പി.കെ. വാസു, കെ.ബി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.