ദേശീയ വോളി: കാണികൾ ഒഴുകിയെത്തി; ആവേശം അലതല്ലി

കോഴിക്കോട്: അവധിദിനമായ ഞായറാഴ്ച സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സ​െൻററിലെ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് കാണികൾ. ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലെ പുരുഷ, വനിത വിഭാഗങ്ങളിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ഗാലറികളിൽ ആവേശം പടർത്തി. രണ്ടു കോർട്ടുകളിലായാണ് അവസാന എട്ടിലെ മത്സരങ്ങൾ അരങ്ങേറിയത്. ഉച്ചക്ക് ഒരു മണിക്ക് വനിതകളിൽ റെയിൽവേയും കർണാടകയും പുരുഷവിഭാഗത്തിൽ തമിഴ്നാടും ആന്ധ്രപ്രദേശും ഏറ്റുമുട്ടുന്നത് മുതൽ ഗാലറിയിൽ ആളുകളെത്തിക്കൊണ്ടിരുന്നു. ജില്ലയുടെ വിദൂരഗ്രാമങ്ങളിൽനിന്നും അയൽജില്ലകളിൽനിന്നും കുട്ടികൾ മുതൽ വയോധികർ വരെയുള്ള വോളി ആരാധകർ കളികാണാൻ എത്തിയിരുന്നു. പതിവിൽ കവിഞ്ഞ പൊലീസ് സുരക്ഷയും ശക്തമാക്കിയിരുന്നു. മത്സരം കാണാൻ വൈകിയെത്തിയവർക്ക് കേരള പുരുഷ ടീമി​െൻറ കളി പടിഞ്ഞാറെ ഗാലറിയിലെ വിദൂരതയിലിരുന്ന് കാണേണ്ടി വന്നു. വി.ഐ.പി ടിക്കറ്റെടുത്തവർക്കായുള്ള കസേരകളിലും ആരാധകർ തിങ്ങിയിരുന്നു. കേരളത്തിന് പുറമേ, മലയാളി താരങ്ങൾ നിറഞ്ഞ സർവിസസ്, റെയിൽവേ ടീമുകൾക്കും കാണികളുടെ കൈയടി കിട്ടി. സർവിസസിനെതിരെ പൊരുതിയ പഞ്ചാബ് ടീമും ഗാലറിയുടെ പിന്തുണ ഏറെ ആസ്വദിച്ചു. സർവിസസ്-പഞ്ചാബ്, തമിഴ്‌നാട് - ആന്ധ്ര മത്സരവുമാണ് ഏറ്റവും ഹരം കൊള്ളിച്ചത്. രണ്ടു കളികളും അഞ്ച് സെറ്റിലേക്ക് നീണ്ടിരുന്നു. കേരള ക്യാപ്റ്റൻ ജെറോം വിനീതി​െൻറയും സീനിയർ താരം വിബിൻ എം. ജോർജി​െൻറയും യുവതാരം അജിത്ത് ലാലി​െൻറയും സ്മാഷുകളും ഗാലറിയെ ഇളക്കിമറിച്ചു. റെയിൽവേ ക്യാപ്റ്റൻ മനു ജോസഫി​െൻറയും വനിത ടീമംഗവും വടകര സ്വദേശിനിയുമായ എം.എസ്. പൂർണിമയുടേതുമടക്കം കളിക്കാരുടെ ബന്ധുക്കളും കളി കാണാനെത്തിയിരുന്നു. കേരളത്തി​െൻറ പുരുഷന്മാരുടെ മത്സരം കഴിഞ്ഞ ശേഷം ചുരുക്കം കാണികൾ സ്ഥലം വിട്ടു. ഭൂരിപക്ഷം പേരും കർണാടകക്കെതിരെ റെയിൽവേയുടെ ജയം കണ്ട ശേഷമാണ് രാത്രി മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.