Manila C Mohan facebook.com/bibi.mohan.5 തല്ലുകിട്ടി അവശനായി നടക്കുമ്പോൾ മധു (ആദിവാസി, 27 വയസ്സ്) വെള്ളം ചോദിച്ചെന്ന്. കുപ്പിയിൽ വെള്ളം തുള്ളി തുള്ളിയായി ഇറ്റിച്ചുകൊടുത്തെന്ന്. ആ തുള്ളികൾക്കുവേണ്ടി നാക്ക് നീട്ടിയപ്പോൾ കുപ്പി മാറ്റിപ്പിടിച്ചെന്ന്. വെള്ളം മുഴുവൻ മധുവിന് മുന്നിൽവെച്ച് മണ്ണിലൊഴിച്ചുകളഞ്ഞെന്ന്. ടെലിവിഷനിൽ സഹോദരി ചന്ദ്രികയുടെ ബൈറ്റ് കണ്ടതാണിപ്പോ. നാട്ടുകാർ തല്ലിക്കൊന്നതുതന്നെയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവമുണ്ട്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ആസ്വദിച്ചുകൊല്ലുകയായിരുന്നു നാട്ടുകാർ മധുവിനെ. എതിർക്കില്ലെന്ന് ഉറപ്പുള്ള ഒരു മനുഷ്യനെ. പ്രതിരോധിക്കാനുള്ള ശരീരശേഷി മാത്രമല്ല, മാനസികശേഷിയും ഇല്ലാത്ത ഒരു മനുഷ്യനെ. കുളിച്ച്, നഖങ്ങൾ വെട്ടി മിനുക്കി, പൗഡറിട്ട്, മുടി ചീകി, വൃത്തിയും വിലയുമുള്ള വസ്ത്രങ്ങൾ ധരിച്ച്, നല്ല പാത്രങ്ങളിൽ നല്ല ഭക്ഷണം കഴിച്ച്, ചായയും കാപ്പിയും ജ്യൂസുകളും ലഹരികളുമൊക്കെ കുടിച്ച്, അടച്ചുറപ്പുള്ള വീടുകളിൽ താമസിച്ചുവരുകയായിരുന്ന ഒരു കൂട്ടം നാട്ടുകാരായ മനുഷ്യർ ആസ്വദിച്ചാസ്വദിച്ച് ഒരു തുള്ളി വെള്ളംപോലും കൊടുക്കാതെയാണ് മധുവിനെ കൊന്നത്. Sharly Benjamin facebook.com/sharlybenjamin അസാധാരണ പ്രതിഭയുള്ള നടിയായിരുന്നു ഇന്നലെ അന്തരിച്ച ശ്രീദേവി. ഇന്ത്യൻ സിനിമയിലെ വനിത സൂപ്പർ സ്റ്റാർ എന്നു പറയാവുന്ന ഒരേ ഒരാൾ. നാലു മാസം മുമ്പ് ഗോവ ഫിലിം ഫെസ്റ്റിവൽ ജൂറികളിൽ (ഡോക്യുമെൻററി) ഒരാളായിരുന്ന സഹോദരി ഷൈനിക്ക് പുരസ്കാരം നൽകിയത് ശ്രീദേവിയായിരുന്നു. ''ശ്രീദേവി മാഡത്തെപ്പോലെ ഒരാളെ അടുത്ത് കാണാനും അവരിൽനിന്ന് പുരസ്കാരം വാങ്ങാനും കഴിഞ്ഞത് ജീവിതത്തിലെ ഒരു പുണ്യമായി കരുതുന്നു'' എന്ന് അന്ന് ഷൈനി പറഞ്ഞത് ഓർക്കുന്നു. ഷൈനിക്കുണ്ടായ അപൂർവ ഭാഗ്യത്തെ അഭിനന്ദിച്ചപ്പോൾതന്നെ എനിക്ക് നിരാശ തോന്നിയിരുന്നു. ഞാൻ പത്രപ്രവർത്തനത്തിൽ സജീവമായിരുന്നപ്പോൾ ശ്രീദേവിയെ കാണാനും അഭിമുഖം നടത്താനും പലതവണ ശ്രമിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. അഭിമുഖം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്ന അപൂർവം നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി. തെക്കേ ഇന്ത്യയിൽനിന്ന് പോയി ബോളിവുഡിലെ താരറാണി പട്ടം നേടിയെടുക്കുകയും അത് ഇതുവരെ നിലനിർത്തുകയും ചെയ്ത ആ പ്രതിഭക്ക് പ്രണാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.