Mammootty facebook.com/Mammootty മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്നുതന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എെൻറ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെയാണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിെൻറ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിെൻറ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കൽപിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്കുകൂടി മധുവിെൻറ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിെൻറ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിെൻറയും വിചാരണയുടെയും കറുത്ത ലോകത്തുനിന്നുകൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്... Joy Mathew facebook.com/JoyMathew4u സാക്ഷര-സംസ്കാര കേരളമേ ലജ്ജിക്കുക. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിെച്ചന്നാരോപിച്ച് അട്ടപ്പാടിയിൽ മധു എന്ന മാനസികാസ്വാസ്‌ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ. മധു ഒരു പാർട്ടിയുടെയും ആളല്ലാത്തതിനാൽ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല. കേസുകൾ തേഞ്ഞുമാഞ്ഞുപോകുമെങ്കിലും കൊല്ലപ്പെടുന്നതിനുമുമ്പ് കൈകൾകെട്ടിയിട്ടു മർദിക്കുന്നതിെൻറ മുന്നോടിയായി സെൽഫിയെടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓർത്ത് നമുക്ക് ലജ്ജിക്കാം. Manila C Mohan. facebook.com/bibi.mohan ആൾക്കൂട്ടത്തിെൻറ മുഖമില്ലാത്ത, മുഖം വേണ്ടാത്ത അധികാരത്തിനു മുന്നിലാണ് കൈകൾ കെട്ടിയിട്ട്, ആദിവാസിയായ, മധുവെന്ന് പേരുള്ള ഒരു മനുഷ്യൻ നിന്നത്. ഇരപിടിയരുടെ ഒരു കൂട്ടം. ആ കൂട്ടത്തിന് ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്. പിടിക്കപ്പെടില്ലെന്ന ഉറപ്പുണ്ട്. കൂട്ടംകൂടി തല്ലിയതിെൻറ ഉന്മാദങ്ങളുണ്ട്. കൂട്ടത്തിലെ ഓരോരുത്തരിലേക്കും ഭാഗിക്കപ്പെട്ട് നിസ്സാരമാക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ തന്നെ ചെയ്യുന്ന ഒരുകുറ്റം ചെയ്തതിെൻറ, കൊല നടത്തിയതിെൻറ നിഗൂഢമായ ആനന്ദമുണ്ട്. ഈ ഇരപിടിയർക്ക് കുറ്റബോധമുണ്ടാവില്ല. അവർ ചെയ്തത് കൊലക്കുറ്റമാണെന്ന് അവർക്ക് മനസ്സിലാവില്ല. ആൾക്കൂട്ടത്തിെൻറ അധികാരത്തിന് മറ്റെല്ലാ അധികാരങ്ങളെയും പോലെത്തന്നെ അധികാരമില്ലാത്തവരെ മനസ്സിലാവില്ല. അധികാരമില്ലാത്തവർക്ക് ജീവിച്ചിരിക്കാനുള്ള അവകാശമുണ്ടെന്ന് മനസ്സിലാവില്ല. മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കേരളം ജീവിത നിലവാരത്തിെൻറ മറ്റു പല സ്കെയിലുകൾ വെച്ച് അളക്കുമ്പോഴും ഒരു ഇന്ത്യൻ സംസ്ഥാനമല്ലെന്ന് സംശയം തോന്നുമെങ്കിലും അത് മാറിക്കിട്ടുന്ന, ഇന്ത്യൻ സംസ്ഥാനംതന്നെയെന്ന് ഉറപ്പിക്കുന്ന അവസരമാണിത്. വയലൻസ് ആസ്വദിക്കുന്ന പ്രാകൃതരായ ആൾക്കൂട്ടം കേരളത്തിൽ എല്ലായിടത്തുമുണ്ട്; ഇന്ത്യയിൽ മറ്റെല്ലായിടത്തുമെന്ന പോലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.