കോഴിക്കോട്: അറബിക്കടലിൻ തീരത്ത് ചൂടേറിയ ചർച്ചകൾക്കും പ്രത്യയശാസ്ത്ര പോരാട്ടങ്ങൾക്കും വേദിയൊരുക്കി മൂന്നാമത് ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. ആദ്യദിനം മലയാളികളുടെ അഭിമാനമായ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്, ചരിത്രകാരി റൊമില ഥാപ്പർ, കന്നട എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എസ്. ഭഗവാൻ, നടൻ പ്രകാശ് രാജ്, ടി. പത്മനാഭൻ, കെ.ആർ. മീര, ഡോ. രാജൻഗുരുക്കൾ, തുടങ്ങിയവരുടെ സെഷനുകൾകൊണ്ട് സമ്പന്നമായിരുന്നു. ക്ഷേത്രങ്ങളും മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങളും ഉണ്ടാക്കുന്നതിനുപകരം ആ പണം രാജ്യത്തെ ജനങ്ങൾക്ക് വീടും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഉണ്ടാക്കാനുപയോഗിക്കുമ്പോഴേ വികസനം സാധ്യമാവൂ എന്ന് കെ.എസ്. ഭഗവാൻ അഭിപ്രായപ്പെട്ടു. ആവിഷ്കാരസ്വാതന്ത്ര്യത്തിന് വെടിേയൽക്കുമ്പോൾ എന്ന സെഷനിൽ കെ.ആർ. മീരയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. യുക്തിചിന്തയും ശാസ്ത്രീയമനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിനുപകരം അന്ധവിശ്വാസങ്ങളാണ് രാജ്യത്ത് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കവി കുരീപ്പുഴയെ ആക്രമിച്ചതിൽ അദ്ദേഹം അപലപിച്ചു. എതിരഭിപ്രായങ്ങൾ ഉന്നയിക്കുന്നതിനുപകരം കായികമായി ഉപദ്രവിക്കുകയാണ് ആളുകളെന്നും ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നുെവന്നതിന് ചരിത്രത്തിൽ നിരവധി തെളിവുകളുണ്ടെന്ന് ചരിത്രകാരി റൊമില ഥാപ്പർ പറഞ്ഞു. 'കേരള ഇന്നലെകളിൽനിന്ന് നാളെകളിലേക്കുള്ള പാഠം' എന്ന തലക്കെട്ടിൽ ഗീത ഹരിഹരനുമായി സംവദിക്കുകയായിരുന്നു അവർ. ഗുപ്തന്മാരുടെ കാലത്തും ജാതിവ്യവസ്ഥ ശക്തമായിരുന്നു. ചണ്ഡാളന്മാരെ സമൂഹത്തിനു വെളിയിലുള്ളവരായിട്ടായിരുന്നു വരേണ്യവർഗം കണക്കാക്കിയിരുന്നത്. മാംസം ഭക്ഷിച്ചാൽ പുണ്യങ്ങളെല്ലാം നഷ്ടപ്പെടുമെന്ന വിശ്വാസം ചിലർ പുലർത്തിയിരുന്നതായും അവർ പറഞ്ഞു. നളിനി ജമീലയെയും സരിത നായരെയും വായിക്കാനാണ് അധികം പേർക്കും ഇപ്പോഴും താൽപര്യമെന്ന് ടി. പത്മനാഭൻ ഡോ. ശ്രീകല മുല്ലശ്ശേരിയുമായുള്ള മുഖാമുഖത്തിൽ ചൂണ്ടിക്കാട്ടി. സരസ്വതിയമ്മയെ പോലുള്ള ആദ്യകാല എഴുത്തുകാരികൾക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ല. എത്രമാത്രം കൊണ്ടാടിയാലും കാമ്പില്ലാത്തവ കാലത്തെ അതിജീവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർപീസ് എന്നു പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും എം.ടിയെ പോലുള്ളവരുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു. കവിതയും കാലവും എന്ന വിഷയത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടും സച്ചിദാനന്ദനും സംവദിച്ചു. ഇന്ദിര ഗാന്ധി: നിശ്ചിതമായ ശരിയും തെറ്റും എന്ന വിഷയത്തിൽ മാധ്യമപ്രവർത്തക സാഗരിക ഘോഷും ഡോ. ലത നായരും സംവദിച്ചു. ഫെസ്റ്റിവലിെൻറ ഭാഗമായി ഒരുക്കിയ വെള്ളിത്തിരയിൽ ലെവിയാത്തൻ, നിഷാദം, ദ സീസൺ ഇൻ ക്വിൻസി, ഏദൻ, ഗാർഡൻ ഓഫ് ഡിസയർ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. റഷ്യൻ കൾചറൽ സെൻററിെൻറ ലാരിസ നൃത്താവതരണവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.