മെഡിക്കൽ കൗൺസിൽ ബിൽ തിരുത്തണം-എം.കെ രാഘവൻ കോഴിക്കോട്: കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന വാർഷിക സമ്മേളനം കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. നാഷനൽ മെഡിക്കൽ കൗൺസിൽ ബില്ലിൽ നിരവധി തെറ്റുകളുണ്ടെന്നും ഇതിനെതിരെ കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയിെല താനുൾപ്പെട്ട എല്ലാ അംഗങ്ങളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് പോലെ ഇന്ത്യൻ മെഡിക്കൽ സർവിസ് നടപ്പാക്കണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആരോഗ്യരംഗത്ത് മുൻ സർക്കാറുകളെക്കാൾ ഇടപെടാൻ ഈ സർക്കാറിനു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആത്മഹത്യ പ്രതിരോധത്തിൽ നമുക്കു െചയ്യാനുള്ളത് എന്ന വിഷയത്തിൽ ഡോ. സത്യദാസ് അനുസ്മരണ പ്രഭാഷണം കോട്ടയം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. വി. സതീഷ് നിർവഹിച്ചു. ഇന്ത്യയിലെ ആത്മഹത്യ നിരക്കിനെക്കാൾ ഇരട്ടിയാണ് കേരളത്തിലേതെന്ന് അദ്ദേഹം പറഞ്ഞു. തുറന്ന സംസാരവും ഇടപെടലുകളും കുറയുന്നതാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. സമൂഹത്തിന് ഇക്കാര്യത്തിൽ ഒരുപാട് ചെയ്യാനുണ്ട്. ആത്മഹത്യക്ക് ശ്രമിക്കുന്നയാളെ അവസാന നിമിഷംപോലും പിന്തിരിപ്പിക്കാനുള്ള വഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ. കവിത രവി അധ്യക്ഷത വഹിച്ചു. സംവിധായകൻ രഞ്ജിത്, പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, അസോ. സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ എന്നിവർ സംസാരിച്ചു. സി.ഇ.സി അംഗം ഡോ. എസ്. ശ്രീകാന്ത് സ്വാഗതവും അസോസിയേഷൻ കോഴിക്കോട് യൂനിറ്റ് ട്രഷറർ ഡോ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.